തിരുവനന്തപുരം: ഉപയോക്താക്കളിൽനിന്നു പിരിച്ച തീരുവയിൽനിന്നുള്ള തുക വൈദ്യുതി സബ്സിഡിയായി സാധാരണക്കാരനു ലഭിക്കുമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭയിൽ ചർച്ചയ്ക്കു വന്നേക്കും. മന്ത്രിസഭയിൽ തീരുമാനം എടുത്തില്ലെങ്കിൽ സാധാരണക്കാരന് ലഭിക്കേണ്ട വൈദ്യുതി സബ്സിഡി ലഭിക്കാത്ത സാഹചര്യമുണ്ടാകും.
സംസ്ഥാനത്തെ 77 ലക്ഷം ഉപയോക്താക്കൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന വൈദ്യുതി സബ്സിഡി മുടങ്ങാതിരിക്കാൻ നടപടി സ്വീകരിക്കേണ്ടതു മന്ത്രിസഭയും ധനവകുപ്പുമാണ്. വൈദ്യുതി തീരുവയായി ഒരു വർഷം ഉപയോക്താക്കളിൽനിന്നു കെഎസ്ഇബി പിരിക്കുന്ന 95,01,000 കോടി രൂപയിൽനിന്ന് സബ്സിഡിക്കായി 403 കോടി രൂപ എടുത്ത ശേഷമുള്ള തുക ഖജനാവിലേക്ക് അടച്ചാൽ മതി എന്ന് സർക്കാർ ഉത്തരവിറക്കേണ്ടതുണ്ട്. ഇത്തരമൊരു ഉത്തരവ് ഇറക്കിയാൽ മാത്രമേ വൈദ്യുതി സബ്സിഡി സാധാരണക്കാരന് ലഭ്യമാകൂ. ഉത്തരവിറക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്.
എന്നാൽ, ഇതു സംബന്ധിച്ച തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിൽ ജനങ്ങളും ആശങ്കയിലാണ്. ഈ മാസം വൈദ്യുതി ചാർജ് കുത്തനെ ഉയർത്തി സാധാരണക്കാരെ സർക്കാർ ഷോക്കടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വൈദ്യുതി സബ്സിഡിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുക്കാത്തത്. അടുത്ത വർഷത്തെ കേരളീയം പരിപാടിക്കുള്ള തയാറെടുപ്പുകളും ഇത്തവണത്തെ കേരളീയത്തിന്റെ വിലയിരുത്തലും ഇന്നു ചേരുന്ന മന്ത്രിസഭയിൽ ഉണ്ടായേക്കും