മുംബൈ : ഓസ്ട്രേലിയക്ക് മുന്നില്‍ മികച്ച ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്. ലോകകപ്പില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. ഓസീസിനു ലക്ഷ്യം 292 റണ്‍സ്.
ഓപ്പണര്‍ ഇബ്രാഹിം സാദ്രാന്‍ നേടിയ അപരാജിത സെഞ്ച്വറിയാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. അവസാന ഓവറുകളില്‍ ക്രീസിലെത്തിയ റാഷിദ് ഖാന് കാമിയോ ഇന്നിങ്സുമായി സ്കോര്‍ ഈ നിലയിലേക്കും എത്തിച്ചു.
ഒന്നാം ഓവര്‍ മുതല്‍ 50ാം ഓവര്‍ വരെ ക്രീസില്‍ നിന്ന സാദ്രാന്‍ ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറിയും ലോകകപ്പിലെ കന്നി ശതതകവുമാണ് കുറിച്ചത്. 143 പന്തുകള്‍ നേരിട്ട താരം എട്ട് ഫോറും മൂന്ന് സിക്സും സഹിതം 129 റണ്‍സുമായി പുറത്താകാതെ നിന്നു. ലോകകപ്പില്‍ സെഞ്ച്വറി നേടുന്ന ആദ്യ അഫ്ഗാന് താരുമായും സാദ്രാന്‍ മാറി.
കളി അവസാനിക്കുമ്പോള്‍ സാദ്രാനൊപ്പം റാഷിദുമുണ്ടായിരുന്നു. റാഷിദ് ഖാൻ പുറത്താകാതെ 18 പന്തില്‍ വാരിയത് 35 റണ്‍സ്. മൂന്ന് സിക്സും രണ്ട് ഫോറും സഹിതമായിരുന്നു മിന്നലടി.
ടോസ് നേടി അഫ്ഗാനിസ്ഥാന് ആദ്യം ബാറ്റിങിന് ഇറങ്ങുകയായിരുന്നു. റഹ്തുള്ള ഗുര്‍ബാസാണ് ആദ്യം പുറത്തായത്. താരത്തെ ഹെയ്സല്‍വുഡിന്റെ പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ക്യാച്ചെടുക്കുകയായിരുന്നു. 21 റണ്‍സാണ് താരം നേടിയത്. സ്കോര്‍ 100 കടന്നതിനു പിന്നാലെ റഹ്മത് ഷായും മടങ്ങി. താരത്തെ മാക്സ്വെല്ലാണ് മടക്കിയത്. 30 റണ്‍സായിരുന്നു റഹ്മതിന്റെ സമ്പാദ്യം.
ക്യാപ്റ്റന്‍ ഹഷ്മതുല്ല ഷാഹിദി (26), അസ്മതുല്ല ഒമര്‍സായ് (22), മുഹമ്മദ് നബ് (12) എന്നിവരാണ് ഔട്ടായ മറ്റ് താരങ്ങള്‍. ഓസ്ട്രേലിയക്കായി ജോഷ് ഹെയ്സല്‍വുഡ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്വെല്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.