തിരുവനന്തപുരം : കേരളീയത്തില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുവാക്കിയതില്‍ എതിര്‍പ്പുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്. ഷോകേസിൽ വയ്ക്കേണ്ടവരല്ല ആദിവാസികൾ. കേരളീയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് ഫോക് ലോര്‍ അക്കാദമിയാണ്. ആദിവാസി വിഭാഗം പ്രദര്‍ശന വസ്തുവല്ല എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി രാധാകൃഷ്ണന് പറഞ്ഞു.
കേരളീയത്തിന്റെ ഭാഗമായുള്ള പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ചുള്ള വിമർശനം ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പട്ടികവർഗ്ഗ വികസന വകുപ്പ് ഇത്തരത്തിലുള്ള ഒരു പ്രദർശനവും നടത്തുന്നില്ലെന്നും കെ രാധാകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയതിൽ ശക്തമായ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിനെതിരെ സംവിധായിക ലീല സന്തോഷ് ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു.മനുഷ്യരെ പ്രദർശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്, വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തിൽ നിർത്തിയിട്ടുണ്ടോ എന്നും ലീല സന്തോഷ് ചോദിച്ചിരുന്നു.
നാടിന്റെ അഭിമാനസ്തംഭമായ ആദിവാസി സമൂഹത്തെ പച്ചയായി അപമാനിക്കുന്നതാണ് കേരളീയത്തില്‍ നാം കണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. ആദിവാസി ജനവിഭാഗത്തെ വികൃതമായ രീതിയില്‍ വേഷം കെട്ടിച്ച്, അവരെ പരസ്യമായി പൊതു സമൂഹത്തിന് മുന്നില്‍ അപമാനിക്കുകയാണ് ചെയ്തത്.
കേരളത്തിലെ ഗോത്രസമൂഹത്തിന്റെ സ്വത്വത്തിന് നേരെ വിപരീതമായിട്ടുള്ള, അവരുടെ അഭിമാനബോധത്തിന് ക്ഷതമേല്‍പ്പിക്കുന്നതാണ് കേരളീയത്തില്‍ കണ്ടത്. ഒരു ജനവിഭാഗത്തെയാകെ പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധകരമാണ്. ഇതിന് ഗോത്ര ജനവിഭാഗങ്ങളോട് സംഘാടകര്‍ മാപ്പു പറയണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.