കാസര്‍ഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആകെ രജിസ്റ്റര്‍ ചെയ്ത 168 കേസുകളില്‍ 15 കേസുകളിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ മഞ്ചേശ്വരം മുന്‍ എംഎല്‍എ എം.സി.കമറുദ്ദീന്, മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങള്‍ എന്നിവരുള്‍പ്പെടെ 29 പ്രതികളാണുള്ളത്. കാസര്‍ഗോഡ്, കണ്ണൂര്‍ അഡീഷണല്‍ ജില്ലാ കോടതികളിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ബഡ്സ് ആക്ട് നിക്ഷേപക താത്പര്യ സംരക്ഷണ നിയമം ഐപിസി 420, 406, 409 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.ഫാഷന്‍ ഗോള്‍ഡ് എന്ന സ്ഥാപനം മുഖേന നിക്ഷേപകരില്‍നിന്ന് പണം സ്വീകരിച്ചശേഷം തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എം.സി കമ്മറുദ്ദീനായിരുന്നു ഫാഷന്‍ ഗോള്‍ഡിന്റെ ചെയര്മാന്.കഴിഞ്ഞ ഓഗസ്റ്റില്‍ കമ്മറുദ്ദീൻ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു. ഇത് വിറ്റ് നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.