മലപ്പുറം: മുസ്ലിം ലീഗിന്റെ ആശങ്കകള്‍ പരിഹരിക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാവിലെ ഒമ്പതിന് പാണക്കാട്ട് വച്ചാണ് സതീശൻ കൂടിക്കാഴ്ച നടത്തുക. വെെകുന്നേരം നാലിനാകും സുധാകരൻ പാണക്കാട് എത്തുക. നേതാക്കള്‍ പി.കെ. കുഞ്ഞാലിക്കുട്ടിയേയും കാണുമെന്നാണ് വിവരം.
മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും പലസ്തീന് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ ലീഗിനുള്ള അതൃപ്തിയുമാകും ചര്‍ച്ചയിലെ പ്രധാനവിഷയമെന്നാണ് സൂചന. കെ. സുധാകരന്റെ വിവാദ പ്രസ്താവനകളും, യുഡിഎഫിലെ അഭിപ്രായ വ്യത്യാസങ്ങളും കൂടിക്കാഴ്ചയിൽ ചര്‍ച്ചയാകും.ആര്യാടന് ഷൗക്കത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗ് ഉയര്‍ത്തിയേക്കും. പലസ്തീൻ ഐക്യദാര്‍ഢ്യറാലി നടത്തിയതിന്റെ പേരില്‍ ആര്യാടനെതിരേ നടപടി എടുക്കുന്നത് വിരുദ്ധ ഫലം ചെയ്യുമെന്നാണ് ലീഗിന്റെ കണക്കുകൂട്ടൽ. ആര്യാടന് ഷൗക്കത്ത് പൊന്നാനിയില്‍ സിപിഎം സ്ഥാനാര്‍ഥിയാകുമോ എന്ന ആശങ്കയും ലീഗിനുണ്ട്.