ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് മിസോറാമിലും ഛത്തീസ്ഗഢിൽ ഒന്നാം ഘട്ടത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു.
ഭരണകക്ഷിയായ കോൺഗ്രസും പ്രതിപക്ഷത്തുള്ള ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന ഛത്തീസ്ഗഢിൽ ആദ്യഘട്ടത്തിലെ 20 നിയമസഭാ മണ്ഡലങ്ങളിൽ 40,78, 681 വോട്ടർമാർ 223 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. പത്തിടത്ത് രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെയും പത്തിടങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുമാണ് വോട്ടെടുപ്പ്. വിദൂര കേന്ദ്രങ്ങളിൽ നടക്കുന്ന വോട്ടെടുപ്പിന് പോളിംഗ് സംഘങ്ങൾ ഹെലികോപ്റ്ററുകളിലാണ് എത്തിയത്. ഛത്തീസ്ഗഢിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് 17ന് നടക്കും.
40 സീറ്റുകളിൽ വോട്ടെടുപ്പ് നടക്കുന്ന മിസോറാമിൽ ആകെയുള്ള 1,276 പോളിംഗ് സ്റ്റേഷനുകളിൽ 149 എണ്ണം അതിർത്തി മേഖലകളിലാണ്. 30 പോളിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ മുൻകരുതൽ പ്രഖ്യാപിച്ചിട്ടുണ്ട്. 8,57,000 വോട്ടർമാർ 174 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. ഭരണകക്ഷിയായ എം.എൻ.എഫ്,മുഖ്യ പ്രതിപക്ഷമായ ഇസഡ്.പി.എം,കോൺഗ്രസ് പാർട്ടികൾ തമ്മിൽ ത്രികോണ മത്സരമാണ് നടക്കുക. മലനിരകളിൽ താമസിക്കുന്ന7,000-ത്തിലധികം ആളുകൾ വീട്ടിലിരുന്ന് വോട്ടു ചെയ്യും. ഇവർക്ക് ബാലറ്റ് പേപ്പറുകൾ തപാൽ വഴി അയച്ചു.
മത്സരിക്കുന്ന പ്രമുഖർ:
ഛത്തീസ്ഗഢ്: പി.സി.സി അദ്ധ്യക്ഷനും എംപിയുമായ ദീപക് ബൈജ്,മന്ത്രിമാരായ കവാസി ലഖ്,മോഹൻ മർകം,മുഹമ്മദ് അക്ബർ,ഛവീന്ദ്ര കർമ്മ,ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രി രമൺ സിംഗ്,മുൻ സംസ്ഥാന മന്ത്രിമാരായ കേദാർ കശ്യപ്,ലതാ ഉസെന്ദി,വിക്രം ഉസെന്ദി,മഹേഷ് ഗഗ്ദ,മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ നീലകണ്ഠ് ടേക്കം,ആം ആദ്മി പാർട്ടി അദ്ധ്യക്ഷൻ കോമൾ ഹുപേണ്ടി,കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനാൽ സ്വതന്ത്രനായി മത്സരിക്കുന്ന എം.എൽ.എ അനുപ് നാഗ്
മിസോറാം: മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്) തലവനും മുഖ്യമന്ത്രിയുമായ സോറംതംഗ(ഐസ്വാൾ ഈസ്റ്റ്-ഒന്ന്),പി.സി.സി അദ്ധ്യക്ഷൻ ലാൽസ്വത(ഐസ്വാൾ വെസ്റ്റ്-3),സോറാം പീപ്പിൾസ് മൂവ്മെന്റ് തലവൻ ലാൽദുഹോമ(സെർച്ചിപ്പ്),ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ വൻലാൽമുഖ (ദാമ്പ),എം.എൻ.എഫ് നേതാവും ഉപമുഖ്യമന്ത്രിയുമായ തവൻലൂയ(തുയിച്ചാംഗ്).