തിരുവനന്തപുരം: കെ.പി.സി.സി വിലക്ക് ലംഘിച്ച് റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരായ നടപടി ചർച്ച ചെയ്യാൻ അച്ചടക്ക സമിതി വീണ്ടും യോഗം ചേരും. മലപ്പുറത്തെ വിഭാഗീയ പ്രവർത്തനങ്ങൾ സമിതി വിശദമായി ചർച്ച ചെയ്തു. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും പലസ്തീൻ ഐക്യദാർഢ്യ റാലി തന്റെ നിലപാടാണെന്നും വ്യക്തമാക്കി ആര്യാടൻ ഷൗക്കത്ത് സമിതിക്ക് കത്ത് നൽകി. തീരുമാനം വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ക്ഷണം സ്വീകരിക്കില്ലെന്നും ഷൗക്കത്ത് വ്യക്തമാക്കി. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ താൻ സി.പി.എം ക്ഷണം സ്വീകരിക്കുമോയെന്ന ചോദ്യം തന്നെ അപ്രസക്തമാണ്. പിതാവിനെപ്പോലെ കോൺഗ്രസ് പതാക പുതച്ച് മരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഷൗക്കത്ത് പറഞ്ഞു.