ന്യൂഡൽഹി: ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനോട് തോറ്റ് ശ്രീലങ്ക. മൂന്നു വിക്കറ്റിനാണ് ലങ്കൻ തോൽവി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറിൽ 279 റൺസിന് ഓൾ ഔട്ടായിരുന്നു.മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 41.1 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടിയ ബംഗ്ലാദേശ് ശ്രീലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി നായകൻ ഷാകിബുൽ ഹസനും നജ്മുൽ ഹൊസൈൻ ഷാന്റോയും അർധ സെഞ്ച്വറി നേടി. ഓപ്പണർമാരായ ലിറ്റൺ ദാസും തൻസീദ് ഹസനും പുറത്തായ ശേഷം ക്രീസിൽ ഒന്നിച്ച ഷാകിബ്-ഷാന്റോ ജോഡി മൂന്നാം വിക്കറ്റിൽ സെഞ്ച്വറിക്കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
ടീം സ്കോർ 200 കടന്ന ശേഷമാണ് ഈ ജോഡി വേർപിരിഞ്ഞത്. എയ്ഞ്ചലോ മാത്യൂസാണ് രണ്ടാളേയും വീഴ്ത്തിയത്. ഷാക്കിബിന്റെ വിക്കറ്റ് എടുത്ത ശേഷം വാച്ചിൽ ചൂണ്ടി ടൈം ഔട്ട് പുറത്താകലിന് സിമ്പോളിക് ആയി മാ ത്യൂസ് തിരിച്ചടിച്ചു. ശ്രീലങ്കയ്ക്കായി ദില്ഷന് മധുഷങ്ക മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മഹീഷ് തീക്ഷണ, ആഞ്ചലോ മാത്യൂസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ചരിത് അസലങ്കയുടെ സെഞ്ച്വറി കരുത്തിലാണ് ശ്രീലങ്ക, 279 റൺസിലെത്തിയത്.
105 പന്തിൽ അഞ്ചു സിക്സും ആറു ഫോറുമടക്കം 108 റൺസാണ് അസലങ്ക നേടിയത്. ഓപ്പണറായ പത്തും നിസങ്ക 36 പന്തിൽ 41 റൺസും സദീര സമരവിക്രമ 42 പന്തിൽ 41 റൺസും നേടി പുറത്തായി. ബംഗ്ലാദേശിനായി തൻസീം ഹസൻ സാകിബ് മൂന്നു വിക്കറ്റ് നേടി. ഈ തോല്‍വിയോടെ ഇംഗ്ലണ്ടിനും ബംഗ്ലാദേശിനും ശേഷം സെമി കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി ശ്രീലങ്ക.എട്ടുകളികളിൽ നിന്നും രണ്ടു ജയമടക്കം നാല് പോയിന്റാണ് ഇരു ടീമുകൾക്കുമുള്ളത്. പട്ടികയിൽ ബംഗ്ളാദേശ് ഏഴും ശ്രീലങ്ക എട്ടും സ്ഥാനത്താണ്.