ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാത്തതിന് ഗവര്‍ണര്‍മാര്‍ക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ സമീപിക്കുന്നതുവരെ എന്തിന് കാത്തിരിക്കണമെന്ന് കോടതി ചോദിച്ചു.ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കി. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടാത്തതിനെതിരേ പഞ്ചാബ് സര്‍ക്കാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ബില്ലുകളുടെമേല്‍ ഗവര്‍ണര്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ എന്താണ് തീരുമാനമെന്ന് ഇപ്പോള്‍ വിശദീകരിക്കാന്‍ കഴിയില്ല. ഗവര്‍ണറുമായി സംസാരിച്ചശേഷം കൂടുതല്‍ വിവരങ്ങള്‍ കോടതിയെ അറിയിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഗവര്‍ണര്‍മാരുടെ നടപടിയെ വിമര്‍ശിച്ചത്. ഹര്‍ജി വരുമ്പോള്‍ മാത്രമാണ് ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ തീരുമാനം എടുക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഇതിന് മുമ്പ് എന്തുകൊണ്ടാണ് തീരുമാനം എടുക്കാത്തതെന്ന് കോടതി ചോദിച്ചു.
ഗവര്‍ണര്‍മാര്‍ക്കും സംസ്ഥാന സര്‍ക്കാരിനുമിടയില്‍ ചര്‍ച്ചകള്‍ നടക്കണമെന്ന് കോടതി പറഞ്ഞു. ഭരണഘടനാപരമായാണ് കാര്യങ്ങള്‍ നടക്കേണ്ടത്. ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കങ്ങള്‍ അഭികാമ്യമല്ല.ഗവര്‍ണര്‍മാര്‍ക്കും ഭരണഘടനാ ബാധ്യതയുണ്ട്. ഗവര്‍ണര്‍മാരെ നേരിട്ട് തെരഞ്ഞെടുക്കുന്നതല്ലെന്ന് ഓര്‍മിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം ഗവര്‍ണര്‍മാരുടെ നടപടിക്കെതിരേ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ നല്കിയ ഹര്‍ജി കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേരളത്തിന് പുറമേ പഞ്ചാബ്, തമിഴ്നാട്, തെലുങ്കാന സംസ്ഥാനങ്ങളാണ് ഗവര്‍ണര്‍മാര്‍ക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.