തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികളല്ലാത്ത എല്ലാവരുമായും സഹകരിക്കും. റാലിയില്‍ ലീഗിനും പങ്കെടുക്കാം. സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം ഈ മാസം 11 ന് നടക്കും. കോഴിക്കോട്ടെ പലസ്തീന് അനുകൂല പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു.
പലസ്തീന് വിഷയത്തില്‍ സംസ്ഥാനമാകെ കൂടുതല്‍ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്ന തീയതികളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ മുസ്ലീംലീഗ് വരണമെന്നാണ് ആഗ്രഹം. എന്നാൽ കോഴിക്കോട്ടെ സിപിഎം പരിപാടിയിലേക്ക് അഴകൊഴമ്പന്‍ നിലപാടു സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.
‘ഇടതുപക്ഷത്ത് സ്പേസുണ്ട് :-‘ ആര്യാടന് ഷൗക്കത്തിനെതിരായ നടപടി പലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഇസ്രയേലിനൊപ്പമാണ്. ശശി തരൂരിന്റെ പ്രസംഗം വഴി തെറ്റി പോയതല്ല, അതാണ് കോണ്‍ഗ്രസ് നിലപാട്. അതേസമയം കോണ്‍ഗ്രസില്‍ ആര്യാടന് ഷൗക്കത്തിനെ പോലെ ചിന്തിക്കുന്ന നിരവധി പേരുണ്ട്. അവരെയും പരിപാടിയിലേക്ക് ക്ഷണിക്കും. ഇടതുപക്ഷ നിലപാടിനൊപ്പം ചിന്തിക്കുന്ന എല്ലാവര്ക്കും ഇടതുപക്ഷത്ത് സ്പേസ് ഉണ്ടെന്നും എംവി ഗോവിന്ദന് പറഞ്ഞു.
ആര്യാടന് ഷൗക്കത്തിന് ഇടതുപക്ഷത്ത് സ്പേസ് ഉണ്ടോയെന്ന ചോദ്യത്തിന് മാറുപടിയായിട്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സിപിഎം പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള തടസ്സമായി ലീഗ് പറഞ്ഞത് സാങ്കേതിക തടസ്സമുണ്ടെന്നാണ്. കോണ്‍ഗ്രസിന്റെ വിലക്കാണ് ആ തടസ്സം. സിപിഎം പലസ്തീന് ഐക്യദാര്‍ഢ്യ റാലി വിഭാവനം ചെയ്തത് വിശാലമായ അര്‍ത്ഥത്തിലാണ്.
‘ലീഗിനെ മുന്നണിയിലെടുക്കുമെന്ന ഉത്കണ്ഠ വേണ്ട’ :- മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയുടെ ഭാഗമാക്കുമെന്ന ഉത്കണ്ഠ ആര്‍ക്കും വേണ്ടെന്ന് എംവി ഗോവിന്ദന് പറഞ്ഞു. മുന്നണിയിലേക്ക് എടുക്കുന്നത് കൃത്യമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ്. അഴകൊഴമ്പന്‍ നിലപാടുള്ള കോണ്‍ഗ്രസിനെ സിവില്‍ കോഡ് വിഷയത്തിലും സഹകരിപ്പിച്ചിരുന്നില്ല. അന്നുള്ള നിലപാട് തന്നെയാണ് ഇന്നും സിപിഎമ്മിനുള്ളതെന്ന് എംവി ഗോവിന്ദന് വ്യക്തമാക്കി.
‘കേരളീയം നല്ല ഹാപ്പിനെസ്സ്’ :- കേരളീയം ധൂര്‍ത്തല്ല, കേരളത്തിന്റെ ഭാവിക്കുള്ള മുതല്‍ക്കൂട്ടാണ്. മാധ്യമങ്ങള്‍ പറയുന്നത് ധൂര്‍ത്തിനെപ്പറ്റിയാണ്. യഥാര്‍ത്ഥത്തില്‍ ഇത് മൂലധന നിക്ഷേപമാണ്. കേരളീയം പരിപാടിയില്‍ നല്ല ഹാപ്പിനെസ്സാണ് കാണുന്നത്. കോണ്‍ഗ്രസ് വിലക്കിയിട്ടും മണിശങ്കര്‍ അയ്യര്‍ കേരളീയം പരിപാടിയില്‍ പങ്കെടുത്തു. കേരളീയത്തില്‍ പങ്കെടുത്ത മണിശങ്കര്‍ അയ്യറെ വിഡി സതീശന് ഒന്നും ചെയ്യാനാകില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.