കൊച്ചി : ബാബറി മസ്ജിദിന്റെ തകർച്ചയോടെ കേരളത്തിലെ മുസ്ലീം മതവിഭാഗത്തിന് കോൺഗ്രസിനോടുള്ള വിശ്വാസം നഷ്ടമായെന്നും, വരുന്ന ലോക്സഭ തെരഞ്ഞെടുപ്പ് 2004ന്റെ രണ്ടാം ഭാഗമായിരിക്കുമെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എക്സ്പ്രസ് ഡയലോഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘1992 ൽ ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് മുൻപുള്ള ലോക്സഭ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ കേരളത്തിലെ ന്യൂനപക്ഷം കോൺഗ്രസിനൊപ്പമായിരുന്നു. നിയമസഭയിൽ എൽഡിഎഫിനും ലോക്സഭയിൽ യുഡിഎഫിനും വോട്ട് ചെയ്യുന്ന ഒരു പ്രത്യേകത കേരളത്തിനുണ്ടായിരുന്നു. ബാബറി മസ്ജിദിന്റെ തകർച്ചയ്ക്ക് ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പുകളിൽ അതിന് മാറ്റം വന്നു. 1996-1998 നടന്ന തെരഞ്ഞെടുപ്പുകളിൽ അത് കാണാൻ കഴിയും. 2004ൽ 15 സീറ്റുകളിലാണ് എൽഡിഎഫ് വിജയിച്ചത്. കേരളത്തിലെ ജനങ്ങളുടെ ഈ പ്രവണത ഏതെങ്കിലുമൊരു നേതാവ് വന്നതുകൊണ്ടോ പോയതുകൊണ്ടോ അല്ല. പാർട്ടി എടുത്ത നിലപാട് ശരിയാണ് എന്നുള്ളതു കൊണ്ടാണ്. കേരളത്തിൽ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാൻ പറ്റുക, കോൺഗ്രസിനെ അത്രത്തോളം വിശ്വസിക്കാൻ പറ്റില്ലെന്നും ജനങ്ങൾക്ക് അറിയാം’-മന്ത്രി റിയാസ് പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെ ഉപേക്ഷിക്കാൻ ഒരു കാരണം അവർ സ്വീകരിക്കുന്ന നിലപാടാണ്. കളമശ്ശേരി ബോംബ് സ്ഫോടന കേസിൽ വിവാദ പരാമർശം നടത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർക്കെതിരെ സർക്കാർ കേസെടുത്തു. അത് അഭിനന്ദിക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടത്. എന്നാൽ കോൺഗ്രസ് പറഞ്ഞത് എംവി ഗോവിന്ദനെതിരെയും കേസെടുക്കണമെന്നാണ്. ഇത് ശരിക്കും ബിജെപിയെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘2019 ഒരിക്കലും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കില്ല. ബിജെപിയെ തടുക്കണമെങ്കിൽ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന നിലപാടുമായാണ് അന്ന് കോൺഗ്രസ് വന്നത്. ഇന്നിപ്പോൾ അതല്ല അവരുടെ നയം. ബിജെപിയെ നേരിടാൻ ഒറ്റയ്ക്ക് പറ്റില്ല, എല്ലാരും വേണം എന്നാണ്. ഇത് കേരളത്തിലെ ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തും ബിജെപിക്കെതിരെ ശക്തമായി ആരാണ് സംസാരിക്കുന്നത് അവരുടെ കൂടെയാണ് ജനം നിൽക്കുക. അതുകൊണ്ടാണ് ‘ഇന്ത്യ’ മുന്നണി വരുന്നത്. 2004 ന് സമാനമായി കേരളത്തിൽ ഒരു സാഹചര്യം വരുമെന്നാണ് ഇടതുപക്ഷം വിലയിരുത്തുന്നത്. 2004 ന്റെ രണ്ടാം ഭാഗമായിരിക്കും 2024′.
‘കേരളം പ്രാധാന്യം നൽകുന്നത് മതസാഹോദര്യത്തിനാണ്. അതിന് വേണ്ടി ശക്തമായി നിൽക്കുന്നത് തങ്ങൾ വിശ്വസിച്ചിരുന്ന പ്രസ്ഥാനമല്ലെന്ന് ജനങ്ങൾ ഇപ്പോൾ തിരിച്ചറിയുന്നുണ്ട്. അതാണ് കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റം. സംഘടനകൾ അടുക്കുന്നോ അടുക്കുന്നില്ലയോ എന്നുള്ളതല്ല പ്രശ്നം. രാഷ്ട്രീയമായി എടുക്കുന്ന നിലപാട് അനുകൂല സാഹചര്യം ഉണ്ടാക്കുന്നതാണ്. അത് വ്യക്തികളും സംഘടനകളും കാണുന്നുണ്ട്. സിപിഎമ്മിൽ പ്രവർത്തിക്കുന്നവരെ ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ ഭാഗമായല്ല ആളുകൾ കാണുന്നത്. ഉത്തരേന്ത്യയിൽ കാണുന്നതു പോലെ ഏതെങ്കിലുമൊരു മതനാമധാരിയെ പിടിച്ചു മുന്നിൽ നിർത്തിയതു കൊണ്ട് കേരളത്തിലെ ജനങ്ങൾ അതിന്റെ പിന്നിൽ അണിനിരക്കില്ല. അത് തെറ്റായ കാഴ്ചപ്പാടാണ്. നിലപാടു തന്നെയാണ് പ്രധാനം. സാമൂഹ്യ പ്രവർത്തന രംഗത്ത് ശരിയായാണോ പ്രവർത്തിക്കുന്നത് എന്ന് നോക്കിയാണ് ആളുകൾ നേതൃത്വത്തെ അംഗീകരിക്കുക. കേരളം അതിലൊക്കെ കൃത്യമായി കാഴ്ചപ്പാടുള്ള നാടാണ്. സിപിഎമ്മിൽ ഓരോ വ്യക്തിയും നേതൃ നിരയിലേക്ക് വരുന്നത് ദീർഘനാളത്തെ പ്രവർത്തനത്തിലൂടെയാണ്. അവരൊക്കെ പാർട്ടിക്ക് കീഴിലാണ്’-അദ്ദേഹം പറഞ്ഞു.
‘2019ൽ കോൺഗ്രസ് നന്നായി സെന്റിമെൻസ് വർക്ക് ഔട്ട് ചെയ്തിട്ടുണ്ട്. ഒന്ന്, രാഹുൽ ഗാന്ധി ഇവിടെ വന്ന് മത്സരിച്ചു. രണ്ട്, കോൺഗ്രസിന്റെ ഒരു എംപി തോറ്റാൽ അത് കേന്ദ്രത്തിൽ ബിജെപിക്ക് ഗുണമാകുമെന്ന് ജനങ്ങൾക്ക് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല, കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ബിജെപിയെ തറ പറ്റിക്കാൻ കഴിയില്ല. കേരള ജനത യാഥാർത്ഥ്യ ബോധത്തോടെയാണ് ചിന്തിക്കുന്നത്. വിവിധ പാർട്ടികളെ കോർത്തിണക്കിയാണ് ഇത്തവണ ബിജെപിയെ നേരിടുന്നത്. അതിൽ നിർണായക പങ്കുവഹിക്കാൻ സിപിഎമ്മിന് സാധിക്കും. സിപിഎമ്മിന് അതിന് സാധിക്കണമെങ്കിൽ ഇടതുപക്ഷത്തിന്റെ എംപിമാരെ പരമാവധി കൂട്ടണമെന്ന ചിന്താഗതി ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.