സിനിമയെ താറടിക്കാനായി മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മൊബൈല്‍ ഫോണില്‍ സിനിമ കാണുന്നത് മോശം പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹി കേരളഹൗസില്‍ നടത്തിയ മലയാളം ക്ലാസിക് ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദ ഡയറക്ടര്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമകള്‍ തീയറ്ററില്‍ കാണുമ്പോഴാണ് കൂടുതല്‍ അനുഭവേദ്യമാകുന്നത്. മറിച്ച് മൊബൈല്‍ ഫോണില്‍ കാണുന്നത് മോശം പ്രവണതയാണ്. ആശയവിനിമയത്തിന് വേണ്ടി മാത്രം സൃഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഇന്ന് കമ്മ്യൂണിക്കേഷന്‍ തന്നെ ഇല്ലാതാക്കുന്നു. മൊബൈലുമായി എല്ലാവരും അവരവരുടെ ലോകത്താണെന്നും അടൂർ ഗോപാല കൃഷ്ണൻ പറഞ്ഞു. മോശം സിനിമാ റിവ്യൂ ഒരുപാടുപേരുടെ ശ്രമങ്ങളെ ഇല്ലാതാക്കുന്നു. സിനിമയെ താറടിക്കാന്‍ മാത്രം മോശം റിവ്യൂ തയ്യാറാക്കുന്നവരെ ശിക്ഷിക്കണമെന്നാണ് അഭിപ്രായമെന്നും അടൂര്‍ കൂട്ടിച്ചേർത്തു.
തന്റെ സിനിമകള്‍ കോപ്പി റൈറ്റ് ഇല്ലാതെ പകര്‍ത്തി ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവര്‍ ദ്രോഹമാണ് ചെയ്തതെങ്കിലും ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ക്ക് ആ സിനിമകള്‍ കാണാന്‍ അവസരം ഒരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സിനിമാപ്രേമികളുടെ സന്ദേശങ്ങള്‍ തനിക്ക് ലഭിക്കാറുണ്ട്. അത് ഇന്റര്‍നെറ്റില്‍ സിനിമ എത്തിയതിന്റെ നേട്ടമാണ്. അതുകൊണ്ടുതന്നെ, സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തവര്‍ക്കെതിരേ താന്‍ പരാതി കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.