കൊൽക്കത്ത: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.തുടർച്ചയായി രണ്ടാം മത്സരത്തിലും പെനാൽറ്റി സേവിൽ മികവുകാട്ടിയ ഗോൾകീപ്പർ സച്ചിൻ സുരേഷാണ് മുഴുവൻ പോയിന്റുമായി കൊൽക്കത്ത വിടാൻ ബ്ളാസ്റ്റേഴ്സിനെ സഹായിച്ചത്.
32-ാം മിനിറ്റില്‍ ദയ്സുകെ സകായിയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. അഡ്രിയാന്‍ ലൂണയുടെ പാസില്‍ നിന്നാണ് ഗോൾ പിറന്നത്. 84-ാം മിനിറ്റിലായിരുന്നു സച്ചിന് സുരേഷ് ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. സച്ചിന്റെ ഫൗളിനെ തുടർന്നു അനുവദിച്ച പെനാൽറ്റി തടഞ്ഞായിരുന്നു ഹീറോയിസം. കിക്കെടുത്ത ക്ലെയ്റ്റണ്‍ സില്‍വയുടെ ആദ്യ കിക്ക് സച്ചിന് രക്ഷപ്പെടുത്തിയെങ്കിലും കിക്കെടുക്കും മുമ്പ് ഗോള്‍കീപ്പര്‍ ലൈനില്‍ നിന്ന് മുന്നോട്ടുവന്നതിനാല്‍ റഫറി റീട്ടെയ്ക് അനുവദിച്ചു. എന്നാല്‍ സില്‍വയുടെ രണ്ടാം കിക്കും രക്ഷപ്പെടുത്തിയ സച്ചിന് ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു.
പിന്നാലെ 88-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളുടെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ദിമിത്രിയോസ് ഡിയാമാന്റക്കോസ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. പിന്നാലെ ജേഴ്സിയൂരിയുള്ള ആഘോഷത്തിന് താരത്തിന് ചുവപ്പു കാര്‍ഡ് ലഭിക്കുകയും ചെയ്തു. കളിയവസാനിക്കാന്‍ സെക്കൻഡുകൾ മാത്രം ബാക്കിനില്‍ക്കേ ബോക്സില്‍വച്ച് സന്ദീപ് സിംഗ് പന്ത് കൈ കൊണ്ട് തട്ടിയതിന് മറ്റൊരു പെനാല്‍റ്റി കൂടി വിധിക്കപ്പെട്ടു. ക്ലെയ്റ്റണ്‍ സില്‍വയ്ക്ക് ഇത്തവണ പിഴച്ചില്ല. ഇതോടെ 2-1ന് മത്സരം അവസാനിച്ചു.