ബംഗളൂരു : ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് വിജയം. ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 21 റണ്‍സിനാണ് വിജയം. മഴയെ തുടര്‍ന്ന് ഏറെ നേരം കളി തടസപ്പട്ടിരുന്നു. തുടര്‍ന്ന് ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം പാകിസ്ഥാനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പാകിസ്ഥാന് 25. 3 ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് നേടി.
ഫഖര്‍ സമാന്റെ വെടിക്കെട്ട് സെഞ്ച്വറിയുടെയും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ അര്‍ധ സെഞ്ച്വറിയുമാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ഓപ്പണര്‍ അബ്ദുല്ല ഷഫീഖിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും ക്യാപ്റ്റന്‍ ബാബര്‍ അസം എത്തിയതോടെ കരുതലോടെയാണ് പാകിസ്ഥാന് കളിച്ചത്. ഒരറ്റത്ത് അസം ശ്രദ്ധയോടെ ബാറ്റിങ് തുടങ്ങിയപ്പോള്‍ സമാന് ആക്രമിച്ച് കളിച്ചു. 63പന്തില്‍ സമാന് സെഞ്ച്വറി അടിച്ചു. കളി 25.3 ഓവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന് ഒരുവിക്കറ്റിന് 200 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് മഴ കളി വീണ്ടും തടസപ്പെടുത്തിയത്. സൗത്തിയാണ് ഷഫീഖിനെ വീഴ്ത്തിയത്. 81 ബോളില്‍ നിന്ന് സമാന് 126 റണ്‍സ് നേടിയപ്പോള്‍ അസം 63 ബോളില്‍ നിന്ന് 66 റണ്‍സ് നേടി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സെടുത്തു. 35 ഓവറില്‍ ലക്ഷ്യം കണ്ടാല്‍ മാത്രമെ പാകിസ്ഥാന് സെമി സാധ്യത നിലനിര്‍ത്താന്‍ കഴിയുകയുള്ളു.
രചിന് രവീന്ദ്രയുടെ സെഞ്ചുറിയും പരിക്ക് മാറി തിരിച്ചെത്തി അര്‍ധ സെഞ്ചുറി കുറിച്ച ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഇന്നിങ്സുമാണ് വമ്പന്‍ സ്കോര്‍ നേടാന്‍ കിവീസിന് സഹായകമായത്. 94 പന്തുകള്‍ നേരിട്ട രചിന് ഒരു സിക്സും 15 ഫോറുമടക്കം 108 റണ്‍സെടുത്തു. ലോകകപ്പിലെയും ഏകദിന കരിയറിലെയും മൂന്നാം സെഞ്ചുറി കുറിച്ച താരം 523 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തെത്തി.
രചിന് സെഞ്ച്വറി തികച്ചതിനു പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും ശതകം തൊടുമെന്നു പ്രതീക്ഷിച്ചു. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വില്ല്യംസന് വീണു. 79 പന്തില്‍ പത്ത് ഫോറും രണ്ട് സിക്സും സഹിതം വില്ല്യംസന് 95 റണ്‍സുമായി മടങ്ങി. പിന്നാലെയാണ് രചിനും പുറത്തായത്. താരത്തെ മുഹമ്മദ് വാസിം മടക്കി.
രണ്ടാം വിക്കറ്റില്‍ വില്ല്യംസന്- രചിന് സഖ്യം 180 റണ്‍സിന്റെ വിലപ്പെട്ട കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വില്ല്യംസിനെ വീഴ്ത്തി ഇഫ്തിഖര്‍ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.
ടോസ് നേടി പാകിസ്ഥാന് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെവോണ്‍ കോണ്‍വെ- രചിന് രവീന്ദ്ര സഖ്യം മികച്ച തുടക്കമാണ് ടീമിനു നല്‍കിയത്.ഡെവോണ്‍ കോണ്‍വെയുടെ വിക്കറ്റാണ് ന്യൂസിലന്‍ഡിനു നഷ്ടമായത്. കോണ്‍വെ- രചിന് സഖ്യം ഒന്നാം വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തു. കോണ്‍വെ 35 റണ്‍സെടുത്താണ് മടങ്ങിയത്. ഹസന് അലിക്കാണ് വിക്കറ്റ്.