ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം തുടര്‍ച്ചയായ മൂന്നാം ദിവസവും ‘ഗുരുതരമായി’ തുടരുന്നു. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ്(എക്യുഐ)504ല്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. വായു മലിനീകരണത്തെ തുടര്‍ന്ന് ശ്വാസതടസം നേരിടുന്നതായി പലരും പരാതിപ്പെട്ടു.
നഗരത്തിലെ വായുവിന്റെ ഗുണനിലവാരം ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ വസന്ത് കുഞ്ച് പ്രദേശത്ത് മൂടല്‍മഞ്ഞ് കാണപ്പെട്ടു. ഇന്ന് രാവിലെ 7:45 ന് സിഗ്നേച്ചര്‍ ബ്രിഡ്ജില്‍ നിന്ന് ചിത്രീകരിച്ച എഎന്‍ഐ ഡ്രോണ്‍ കാമറ ഫൂട്ടേജ് വായുവില്‍ മൂടല്‍മഞ്ഞിന്റെ കട്ടിയുള്ള പാളി കാണിക്കുന്നു. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോളര് ബോര്‍ഡ്(സിപിസിബി) പറയുന്നതനുസരിച്ച് ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം ‘സിവിയര്‍’ വിഭാഗത്തിലാണ് തുടരുന്നത്.
അതേസമയം, ദേശീയ തലസ്ഥാന മേഖലയിലെ നോഡിയയിലും സമാനമായ സാഹചര്യം രേഖപ്പെടുത്തി, എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 576 ലേക്ക് എത്തി. നോയിഡ സെക്ടര്‍116ല്‍ എക്യുഐ 426 ഉം നോയിഡ സെക്ടര്‍ 62 ല്‍ 428 ഉം ആണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്ക്.
ന്യൂഡല്‍ഹിയിലെ ഐടിഒ ഏരിയയില്‍ നിന്ന് രാവിലെ 7:30 ലെ ഏറ്റവും പുതിയ ഡ്രോണ്‍ കാമറ ദൃശ്യങ്ങള്‍, നഗരത്തെ മൂടുന്ന വിധം മൂടല്‍മഞ്ഞ് കാണിച്ചു.
ആനന്ദ് വിഹാര്‍ പ്രദേശത്തിന് ചുറ്റും മൂടല്‍മഞ്ഞാണ് രാവിലത്തെ ദൃശ്യങ്ങളില്‍ കാണിക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) പറയുന്നതനുസരിച്ച് 448 ആണ് പ്രദേശത്തെ എക്യുഐ.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, ആരോഗ്യമുള്ള വ്യക്തിക്കു ശിപാര്‍ശ ചെയ്യപ്പെടുന്ന എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 50ല്‍ താഴെയായിരിക്കണം എന്നാണ്. എന്നാല്‍ ഈ ദിവസങ്ങളില്‍ എക്യുഐ 400ന് മുകളില്‍ ഉയര്‍ന്നു, ഇത് ശ്വാസകോശ സംബന്ധമായ മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കും. ശ്വാസകോശ അര്‍ബുദത്തിന് പോലും സാധ്യതയുണ്ട്.