ന്യൂഡല്‍ഹി : ലോക്സഭാ എത്തിക്സ് കമ്മിറ്റിയുടെ ഹിയറിങില്‍ അപമാനകരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ മറയ്ക്കുമെന്നും മോശം ഭരണത്തിന്റെ ദുശാസന്‍ കോടതികളില്‍ നിന്ന് എന്ത് സംരക്ഷണം ലഭിക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ എക്സില്‍ കുറിച്ചു. ദ്രൗപതീ, ആയുധമെടുക്കൂ, രക്ഷിക്കാന്‍ കൃഷ്ണന് വരില്ല എന്നാണ് അവര്‍ കുറിച്ചത്.
വ്യവസായി ദര്ശന് ഹീരാനന്ദാനിയുമായുള്ള ബന്ധം, എത്ര തവണ ദുബായില്‍ പോയി, ഏതു ഹോട്ടലിലാണ് താമസിച്ചത് തുടങ്ങിയവയായിരുന്നു ചോദ്യങ്ങള്‍. കുടുംബ ആവശ്യങ്ങള്‍ക്കായി മൂന്ന് തവണയെങ്കിലും അവിടെ പോയിട്ടുണ്ടെന്ന മറുപടിയില്‍ തൃപ്തനാകാതെ അദ്ധ്യക്ഷന്‍ ചോദ്യം ആവര്‍ത്തിച്ചതോടെയാണ് മഹുവ പ്രകോപിതയായത്. വ്യക്തിപരമായ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നാരോപിച്ചാണ് മഹുവ ഇറങ്ങിപ്പോയത്.
അതേസമയം മഹുവ അന്വേഷണവുമായി സഹകരിച്ചില്ലെന്നും കമ്മിറ്റിക്കും തനിക്കുമെതിരെ ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിച്ചുവെന്നും അധ്യക്ഷന്‍ വിനോദ് സോങ്കന് ആരോപിച്ചു. ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും ഇറങ്ങിപ്പോയിരുന്നു.