കൊച്ചി : അത്ലറ്റുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ കായിക പ്രതിഭകളില്ലാത്ത ഒരു ഭാവിതലമുറയുണ്ടാകുമെന്ന് നിരീക്ഷിച്ച് കേരള ഹൈക്കോടതി. ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് സമൂഹം നല്കുന്ന പിന്തുണയോടൊപ്പം കായിക താരങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് സൂചിപ്പിച്ചു. ചികിത്സാ സഹായം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കായിക താരത്തിന്റെ അപേക്ഷ പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
ഹാന്‍ഡ്ബോള്‍ കളിക്കാരന് ലിഗമെന്റ് തകരാറിന്റെ സാമ്പത്തിക സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഇടത്തരം കുടുംബത്തിലെ കായിക താരത്തിന് ഓപ്പറേഷന് നടത്താന്‍ ആവശ്യമായ പണം ഇല്ലാത്തതുകൊണ്ടാണ് കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതനായത്. സഹായം അഭ്യര്‍ഥിച്ച് കേരള സ്പോര്‍ട്സ് കൗണ്‍സിലിന്റെ ധനസഹായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ മറുപടി കിട്ടിയില്ലെന്നുള്ളതും കോടതി നിരീക്ഷിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍, കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഹാന്‍ഡ്ബോള്‍ അസോസിയേഷന് എന്നിവരോടും കോടതി പ്രതികരണം ആരാഞ്ഞു. ഹര്ജിക്കാരന് വേണ്ടി അഭിഭാഷകരായ മഹേഷ് വി രാമകൃഷ്ണന്, പ്രവീണ്‍ കെ എസ് എന്നിവര്‍ ഹാജരായി.