മലപ്പുറം: സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഡ്യ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പരിപാടിയിലേക്ക് ലീഗിന് ഔദ്യോഗികമായി ക്ഷണം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കോഴിക്കോട് നേതാക്കള്‍ യോഗം ചേര്‍ന്ന് ഇത് സംബന്ധിച്ച കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാദ് തങ്ങളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലസ്തീനിലേത് മനുഷ്യാവകാശ പ്രശ്നമാണ്. ഇസ്രയേലില്‍ പോലും പലസ്തീന് അനുകൂലമായി പ്രകടനം നടക്കുന്നുണ്ട്.ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യം മാറി. സിപിഎമ്മുമായി രാഷ്ട്രീയവേദി അല്ലല്ലോ പങ്കിടുന്നതെന്നും അദ്ദേഹം പറഞ്ഞു.സുധാകരനെപ്പോലെ ഉന്നത സ്ഥാനത്തുള്ളവര്‍ അല്പംകൂടി കരുതലോടെ വേണം വാക്കുകള്‍ ഉപയോഗിക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധാകരന്റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്റെ പരാമർശം. എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചത്. യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ആ തീരുമാനം എല്ലാവർക്കും ബാധകമാണ്. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരയ്ക്കണോ എന്നും സുധാകരൻ ചോദിച്ചിരുന്നു.