തിരുവനന്തപുരം: സിപിഎം റാലിയില്‍ പങ്കെടുക്കുമെന്ന ലീഗിന്റെ തീരുമാനം കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. മുസ്ലിം ലീഗിന്റെ സമീപനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്ന ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലീഗിന്റേത് ശക്തമായ രാഷ്ട്രീയ തീരുമാനമാണ്. പലസ്തീന് പ്രശ്നവുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തോട് ലീഗിന് യോജിക്കാന്‍ കഴിയുന്നില്ല.ലീഗ് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ലെന്ന് അവര്‍ പ്രഖ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏക സിവില്‍കോഡിലെ കോണ്‍ഗ്രസ് നിലപാടുമായും ലീഗിന് യോജിപ്പുണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ തെറ്റായ വാഗ്ദാനങ്ങളെ ലീഗ് തിരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിപിഎം നവംബര്‍ 11ന് കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നും നിലവില്‍ സിപിഎം റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നുമായിരുന്നു ഇ.ടി.മുഹമ്മദ് ബഷീറിന്റെ പരാമര്‍ശം. ക്ഷണിച്ചാല്‍ ഉറപ്പായും പങ്കെടുക്കുമെന്നും പറഞ്ഞിരുന്നു.ഇതിനു പിന്നാലെ ലീഗിനെ സ്വാഗതം ചെയ്ത് സിപിഎമ്മും രംഗത്തെത്തി. ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് പറഞ്ഞു. ലീഗിനെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും എന്നാല്‍ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും മോഹനന് പ്രതികരിച്ചിരുന്നു.