തൃശൂർ : ആന്ധ്രയിൽ നിന്നു ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. തൃക്കാക്കര നോർത്ത് പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്ൻ (41) ആണ് പിടിയിലായത്. കാറിൽ ഇയാൾക്കൊപ്പം മറ്റൊരാൾ കൂടിയുണ്ടായിരുന്നു. എന്നാൽ ഇയാൾ പൊലീസ് പിന്തുടരുന്നതിനിടെ കാറിൽ നിന്നു എടുത്തുചാടി രക്ഷപ്പെട്ടു.
ഒരു മാസത്തോളം നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് ഇയാളെ പിടികൂടിയത്. ആഡംബര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ പുതുക്കാട് വച്ചാണ് ഷമീർ ജെയ്ൻ പിടിയിലായത്. കാറിന്റെ ഡോറിനുളളിലും സീറ്റിനുള്ളിലും രഹസ്യ അറകളിലുമായി പ്രത്യേകം പൊതിഞ്ഞു സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന് വിപണിയിൽ 40 ലക്ഷത്തോളം രൂപ വില വരും
തൃശൂർ റേഞ്ച് ഡിഐജി അജിത ബീഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ചെയ്സ് ചെയ്താണ് ഇയാളെ പൊലീസ് സംഘം കുടുക്കിയത്. പൊലീസ് പിന്തുടരുന്നതിനിടെ സംഘം ഇട റോഡുകളിലൂടെയടക്കം സഞ്ചരിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ കൊരട്ടി ദേശീയ പാത കൊട്ടിയടച്ച് പൊലീസ് സംഘം കാർ പിടികൂടുകയായിരുന്നു. ഉത്സവ സീസൺ മുന്നിൽക്കണ്ട് വിവിധ ജില്ലകളിൽ വിൽപന നടത്തുന്നതിനായി ആന്ധ്രയിൽ നിന്നു കടത്തികൊണ്ടുവന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്.