ന്യൂഡല്‍ഹി : ലോക്സഭാ എത്തിക്സ് കമ്മിറ്റി ബഹിഷ്കരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും പ്രതിപക്ഷ അംഗങ്ങളും. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ മഹുവ മൊയ്ത്ര ഇന്ന് സമിതിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്നാല്‍ സമിതി അധ്യക്ഷന്‍ വ്യക്തിപരമായതും അധാര്‍മികവുമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന ആരോപപണം ഉയര്‍ത്തിയാണ് മഹുവ കമ്മിറ്റി ബഹിഷ്കരിച്ചത്. ഒരു വനിതാ എംപിയോട് ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചെന്നും എത്തിക്സ് കമ്മിറ്റി ചെയര്‍മാന്റേത് പക്ഷപാതപരമായ പെരുമാറ്റമാണെന്നും മഹുവ മൊയ്ത്ര വിമര്‍ശിച്ചു.
മഹുവയോട് അന്തസുകെട്ടതും നീതിക്ക് നിരക്കാത്തതുമായ ചോദ്യങ്ങളാണ് സമിതി ചെയര്‍പേഴ്സണ്‍ ചോദിക്കുന്നതെന്ന് കോണ്‍ഗ്രസ് എംപിയും സമിതി അംഗവുമായ എന്‍ ഉത്തംകുമാര്‍ റെഡ്ഡി ആരോപിച്ചു. അതേസമയം, ലോക്സഭ എത്തിക്സ് കമ്മിറ്റി ചെയര്‍മാനെ മഹുവ മൊയ്ത്ര അപമാനിച്ചെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ വിമര്‍ശിച്ചു. തനിക്കെതിരെയുള്ള പണമിടപാട് ആരോപണങ്ങള്‍ അന്വേഷിക്കുന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റിക്ക് മഹുവ മൊയ്ത്ര ഇന്ന് രാവിലെയാണ് ഹാജരായത്.
ബിജെപി എംപി നിഷികാന്ത് ദുബെ നല്കിയ പരാതിയിലാണ് മഹുവ മൊയ്ത്രയ്ക്കെതിരായി അന്വേഷണം നടക്കുന്നത്. വ്യവസായി ദര്ശന് ഹിരാനന്ദാനിയുടെ നിര്‍ദ്ദേശപ്രകാരം ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയതായാണ് ആരോപണം. അതേസമയം, എത്തിക്സ് പാനലിന് അയച്ച കത്തില്‍ ആരോപണങ്ങള്‍ നിരസിച്ച മഹുവ മൊയ്ത്ര, ആരോപണവിധേയനായ ‘കൈക്കൂലിക്കാരന്’ ഹിരാനന്ദാനിയെയും പരാതിക്കാരനായ അഡ്വക്കേറ്റ് ജയ് ദേഹാദ്രായിയെയും ക്രോസ് വിസ്താരം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനം, സഭയെ അപമാനിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിജെപി എംപി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് പരാതി നല്‍കിയത്.