തൃശൂര്‍ : കേരളവര്‍മ കോളജിലെ വിവാദമായ യൂണിയന് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ മാനേജര്‍ കൂടിയായ കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് പ്രിന്‍സിപ്പല്‍ ടിആര്‍ ശോഭ. റീകൗണ്ടിങ്ങിനിടെ തര്‍ക്കമുണ്ടായപ്പോള്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നതായും എന്നാല്‍ മാനേജര്‍ ഇടപെട്ട് പുനരാരംഭിക്കുകയായിരുന്നെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
സ്ഥലത്തുണ്ടായിരുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് ചെയര്മാന് റീ കൗണ്ടിങ് തുടരട്ടെയെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇതൊരു ആജ്ഞയായാണോ മാനേജര്‍ നിര്‍ദേശിച്ചതെന്ന ചോദ്യത്തിന്, ടീച്ചറേ അതു നടന്നുപൊയ്ക്കോട്ടെ എന്ന രീതിയിലാണ് അദ്ദേഹം പറഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
‘പോളിങ് നടപടികള്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ നല്ല രീതിയില്‍ നടന്നു. വോട്ടെണ്ണലും പ്രശ്നങ്ങളൊന്നുമില്ലാതെയാണു നടന്നത്. ടാബുലേഷന്‍ വിങ്ങില്‍നിന്ന് അറിഞ്ഞതുപ്രകാരം വോട്ടെണ്ണലില്‍ ഒരു വോട്ടിന്റെ ഭൂരിപക്ഷം വന്നു. ഇതോടെ എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. അങ്ങനെ റീ കൗണ്ടിങ് നടന്നു.
റീ കൗണ്ടിങ് നടക്കുന്ന സമയത്ത് അവിടെ ചില പ്രശ്നങ്ങളുണ്ടായി. അങ്ങനെ റീ കൗണ്ടിങ് നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് റീ കൗണ്ടിങ് നിര്‍ത്തിവയ്ക്കേണ്ടതില്ലെന്നും തുടരട്ടെയെന്നും നിര്‍ദ്ദേശിക്കുകയായിരുന്നു. കോളജിന്റെ മാനേജര്‍ പറഞ്ഞാല്‍ പിന്നെ നമുക്ക് അനുവദിക്കുകയേ നിവൃത്തിയുള്ളൂ- പ്രിന്‍സിപ്പല്‍ പറഞ്ഞു.
”കോളജില്‍ വീണ്ടും തിരഞ്ഞെടുപ്പു നടത്തുന്ന കാര്യത്തില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ബാക്കി കാര്യങ്ങള്‍ കമ്മിറ്റി കൂടി പിന്നാലെ തീരുമാനിക്കും. വീണ്ടും തിരഞ്ഞെടുപ്പു നടത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.