കൊച്ചി: തുടർച്ചയായ മൂന്നുദിവസത്തെ ഇടിവിനു ശേഷം സ്വർണവിലയിൽ ഉണർവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 45,200 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ വർധിച്ച് 5,650 രൂപയിലെത്തി.
24 കാരറ്റ് സ്വര്‍ണവില പവന് 88 രൂപ ഉയർന്ന് 49,312 രൂപയിലെത്തി. ഗ്രാമിന് 11 രൂപ ഉയർന്ന് 6,164 രൂപയിലുമെത്തി.ബുധനാഴ്ച ഒരു പവൻ സ്വർണത്തിന് 45,120 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,640 രൂപയുമായിരുന്നു നിരക്ക്.
ഒക്ടോബർ 28, 29 തീയതികളിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക് തൊട്ട ശേഷമാണ് സ്വർണ വില മൂന്ന് ദിവസങ്ങളിലായി ഇടിഞ്ഞത്. 45,920 രൂപയായിരുന്നു ഒക്ടോബർ 28, 29 തീയതികളിൽ സ്വർണവില. റിക്കാർഡിലെത്തിയ ശേഷമാണ് സ്വർണവില താഴേക്ക് കൂപ്പുകുത്തിയത്. മൂന്നു ദിവസത്തിനിടെ 800 രൂപയാണ് പവന് കുറഞ്ഞത്.
സാധാരണ വെള്ളിവിലയിലും വർധനയുണ്ടായി. ഒരുഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 78 രൂപയിലെത്തി. അതേസമയം, ഒരുഗ്രാം ഹാൾമാർക്ക് വെള്ളിവില 103 രൂപയിൽ തുടരുകയാണ്. ആഗോള വിപണിയിൽ സ്വർണം ഉണർവിന്റെ പാതയിലാണ്. ട്രോയി ഔൺസിന് 0.2 ശതമാനം ഉയർന്ന് 1,985.99 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വർണവില ഉയർന്നേക്കാം എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തില്‍, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ കണ്ടതോടെയാണ് വില ഉയർന്നത്.