ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട് കെജരിവാളിനെ ഇഡി ചോദ്യം ചെയ്യും. കെജരിവാളിനെ അറസ്റ്റ് ചെയ്തേക്കുമോയെന്ന ആശങ്കയും ആം ആദ്മി പാർട്ടിക്കുണ്ട്.
മദ്യനയ കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് കെജരിവാളിനെ ഇഡി ചോദ്യംചെയ്യാൻ വിളിക്കുന്നത്. ഇതേ കേസിൽ കഴിഞ്ഞ ഏപ്രിലിൽ സിബിഐ ഡൽഹി മുഖ്യമന്ത്രിയെ ചോദ്യംചെയ്തിരുന്നു. ഇഡിയുടെ നീക്കങ്ങളെ വളരെ കരുതലോടെയാണ് ആം ആദ്മി പാർട്ടി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ പരാജയഭീതിയിൽ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ മുന്നണിയിലെ നേതാക്കളെ ബിജെപി വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു. നേതാക്കളെയെല്ലാം ജയിലിലാക്കിയാൽ ഡൽഹി സർക്കാരിനെയും പാർട്ടിയെയും ജയിലിൽനിന്ന് ഭരിക്കുമെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞു. അറസ്റ്റ് പ്രതീക്ഷിച്ചുതന്നെ പാർട്ടി അണിയറയിൽ കരുനീക്കങ്ങൾ തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം.
ആം ആദ്മി പാര്‍ട്ടി നേതാക്കളായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭാ എം പി സഞ്ജയ് സിങ് എന്നിവര്‍ മദ്യനയക്കേസില്‍ നിലവില്‍ ജയിലിലാണ്. ചില മദ്യ വ്യാപാരികള്‍ക്ക് അനുകൂലമാകുന്ന തരത്തില്‍ ഡല്‍ഹിയുടെ പുതിയ മദ്യനയം രൂപീകരിച്ചു നടപ്പാക്കിയെന്നാണ് കേസ്. അഴിമതിക്കേസ് സിബിഐയും സാമ്പത്തിക ക്രമക്കേട് ഇഡിയുമാണ് അന്വേഷിക്കുന്നത്.