തിരുവനന്തപുരം: ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടൻ കമൽ ഹാസൻ. കേരളത്തിന്റെ പുരോഗതിയും സാംസ്കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം മാതൃക സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതൃത്വം വെറുതെയിരിക്കാൻ തയ്യാറല്ലെന്നും അവർ പ്രയത്നം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളം തനിക്ക് ഏറ്റവും പ്രത്യേകതയുള്ള സ്ഥലമാണെന്നും അഭിനയയാത്രയിൽ കേരളം പ്രധാന പാഠശാലയാണെന്നും കമൽ കൂട്ടിച്ചേർത്തു.ഇന്ന് ഈ വേദിയില്‍ താന്‍ ഇംഗ്ലീഷിലാണ് പ്രസംഗിക്കുന്നത് എന്ന ആമുഖത്തോടെയാണ് കമല്‍ പ്രസംഗം ആരംഭിച്ചത്. താന്‍ പറയുന്നത് രാജ്യം മുഴുവന്‍ കേള്‍ക്കണം, അതു വഴി അവര്‍ കേരളത്തെ മനസിലാക്കട്ടെയെന്നും കമല്‍ പറഞ്ഞു.കേരളം എന്റെ ജീവിത യാത്രയിലെ പ്രധാന സ്ഥലമാണ്. എന്റെ കലാ ജീവിതത്തെ എന്നും പ്രോത്സാഹിപ്പിച്ച ജനതയാണ് കേരളത്തിലുള്ളത്. എന്നും കേരളത്തില്‍ ഞാന്‍ വരുന്നത് പുതുതായി എന്തെങ്കിലും പഠിക്കാനോ, അതില്‍ നിന്നും പ്രചോദനം ഉള്‍കൊള്ളാനോ ആണെന്നും കമൽ പറഞ്ഞു.
2017 ല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെ കേരളത്തില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഉപദേശം തേടിയിരുന്നുവെന്നും ജനകേന്ദ്രീകൃത രാഷ്ട്രീയം എന്ന തന്റെ ആശയം കേരള മോഡലില്‍ നിന്നും രൂപപ്പെടുത്തിയതാണെന്നും താരം കൂട്ടിച്ചേർത്തു.ജനാധിപത്യം ശരിക്കും നടപ്പിലാക്കപ്പെടുന്നത് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെയാണ്. അതില്‍ ഇന്ത്യയ്ക്ക് സ്വീകരിക്കാവുന്ന മാതൃകയാണ് കേരളമെന്നും കമൽ എടുത്തുപറഞ്ഞു. കോവിഡ് കാലത്ത് അടക്കം കേരളം നടത്തിയ പ്രതിരോധവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ശോഭന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവത്തിനും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി തന്നെയാണ് പുസ്തകോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുക. സമഗ്ര സംഭാവനയ്ക്കുള്ള ‘നിയമസഭാ അവാർഡ്’ മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി സമ്മാനിക്കും