കൊച്ചി: മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. കൈയേറ്റക്കാർക്കെതിരേ നടപടിയെടുക്കുമ്പോൾ വാണിജ്യ ആവശ്യത്തിനുള്ളതോ താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുതെന്നും കൃഷിയിടങ്ങൾ പരിപാലിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
മൂന്നാറിലെ കൈയേറ്റവും അതിലെ നിർമാണവും തടയണമെന്ന ഹർജികളിലാണ് ഹൈക്കോടതി നിർദേശം. കൈയേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ പൊളിക്കരുത്. ഏലം, തേയിലത്തോട്ടങ്ങൾ, മറ്റു കൃഷിക്കായി ഉപയോഗിക്കുന്ന ഭൂമി എന്നിവ പരിപാലിക്കേണ്ടതുണ്ടെന്നും ജസ്റ്റീസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട സ്പെഷൽ ബെഞ്ച് വ്യക്തമാക്കി.
വിളകൾ നശിപ്പിക്കില്ലെന്ന കാര്യം സർക്കാർ ഉറപ്പാക്കണം. ഇത്തരം ഭൂമി കുടുംബശ്രീയെ വേണമെങ്കിൽ ഏല്പിക്കാം. ഇതിനു സാധിക്കില്ലെങ്കിൽ വ്യവസ്ഥകൾ പ്രകാരം ലേലം ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു.കൈയേറ്റഭൂമിയിൽ താമസമുള്ള കെട്ടിടങ്ങളോടു ചേർന്നുള്ള സ്ഥലം ഏറ്റെടുക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന് തടസമില്ല. താമസക്കാർ തുടരുന്നതു സംബന്ധിച്ച് സർക്കാർ തീരുമാനമനുസരിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി നിർദേശിച്ചു. അതേസമയം, വാണിജ്യ കെട്ടിടങ്ങൾ ഉൾപ്പെടെ 239.42 ഏക്കറിൽ കൈയേറ്റം ഒഴിപ്പിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വിഷയം നവംബർ ഏഴിന് കോടതി വീണ്ടും പരിഗണിക്കും.