കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്.
പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.
സതീഷ് കുമാര്‍, പിപി കിരണ്‍, സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്, ബാങ്ക് മുന്‍ ജീവനക്കാരന് ജില്‍സ് എന്നീ നാലുപേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും, കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.