ന്യൂഡല്‍ഹി: വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ സിലിണ്ടര്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും കൂടി.
ഹോട്ടലുകളില്‍ അടക്കം ഉപയോഗിക്കുന്ന സിലിണ്ടറിനാണ് വില വര്‍ധന ബാധകമാകുക. പാചകവാതക വിലവര്‍ധന ഹോട്ടല്‍ വിലയും ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധന പരിഗണിക്കാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.