കൊച്ചി: കളമശേരി കണ്വെന്ഷന് സെന്റർ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്ക് മാര്‍ട്ടിന്റെ തിരിച്ചറിയല്‍ പരേഡിനായുള്ള അപേക്ഷ പൊലീസ് ഇന്ന് സമര്‍പ്പിക്കും. കേസിലെ സാക്ഷികളെ കാക്കനാട് ജയിലില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിനായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാകും അപേക്ഷ നല്‍കുക.
സ്ഫോടനത്തിന്റെ വീഡിയോ ഷൂട്ട് ചെയ്ത മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി ഇന്ന് കൈമാറും. കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് പൊലീസ്. ഡൊമിനിക്ക് വിദേശത്ത് ജോലി ചെയ്തിരുന്ന കാലയളവിലെ വിവരങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.നവംബര്‍ 29 വരെയാണ് ഡൊമിനിക്കിന്റെ റിമാന്‍ഡ് കാലയളവ്. കേസ് അതീവ ഗൗരവമുളളതാണെന്ന് നിരീക്ഷിച്ചാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തത്. കേസില്‍ അഭിഭാഷകന്റെ സേവനം വേണ്ടെന്നും പൊലീസിനെതിരെ പരാതി ഇല്ല എന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
എഡിജിപി എം.ആര്. അജിത്കുമാറിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറിലേറെ നടത്തിയ ചോദ്യംചെയ്യലില്‍ പ്രതിയില്‍നിന്നു ലഭിച്ച മൊഴികളും തെളിവുകളും പരിശോധിച്ചുറപ്പിച്ച ശേഷമാണ് തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ അറസ്റ്റ് രേഖപ്പെടുത്തിയത്. യുഎപിഎ, ഗൂഢാലോചന, കൊലപാതകം, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി നല്കിയ മൊഴികള്‍ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. ബോംബ് നിര്‍മിക്കുന്നതിനായി സാമഗ്രികള്‍ വാങ്ങിയതായി പ്രതി വെളിപ്പെടുത്തിയ സ്ഥലങ്ങളിലും തിങ്കളാഴ്ച പൊലീസെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.