തിരുവനന്തപുരം: തുലാവര്‍ഷം ശക്തമായതിന് പിന്നാലെ നവംബറിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നവംബറില്‍ സാധാരണ രീതിയിലുള്ളതോ അല്ലെങ്കില്‍ അതിലും കൂടുതലോ അളവില്‍ മഴ ലഭിക്കുമെന്നും മധ്യ-തെക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്നും അറിയിപ്പിലുണ്ട്.
വടക്കന്‍ ജില്ലകളില്‍ മഴ ലഭിക്കുമെങ്കിലും സാധാരണ ലഭിക്കുന്നതിലും അളവ് കുറയാനാണ് സാധ്യത. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ സംസ്ഥാനത്ത് മഴയുണ്ടായേക്കില്ലെന്നും മൂന്ന് മുതല്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കി. നവംബര്‍ മൂന്നിന് പത്തനംതിട്ട, തൃശൂര്‍, എറണാകുളം, പാലക്കാട്, ഇടുക്കി, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ നാലിന് കോട്ടയം, ഇടുക്കി, തൃശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട്, വയനാട്, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.