കൊച്ചി: കളമശേരി കണ്വന്ഷന് സെന്ററില്‍ ബോംബ് സ്ഫോടനം നടത്തിയ കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനുമായി അന്വേഷണ സംഘം ഇന്ന് നടത്തിയ തെളിവെടുപ്പ് അവസാനിച്ചു. ദേശീയപാതയോട് ചേർന്ന അത്താണിയിലെ ഇയാളുടെ വീട്ടിലാണ് ഇന്ന് ഏഴ് മണിക്കൂർ നീണ്ടുനിന്ന തെളിവെടുപ്പ് നടന്നത്.
വീട്ടിൽ നിന്നും ബോംബ് നിർമിക്കാൻ ഉപയോഗിച്ച വസ്തുക്കളുടെ അവശിഷ്ടങ്ങളും പെട്രോൾ വാങ്ങാൻ ഉപയോഗിച്ച കുപ്പിയും കണ്ടെത്തി. വീടിന്റെ ടെറസിൽ ഇരുന്നാണ് ഇയാൾ ബോംബ് നിർമിച്ചത്. വീട്ടിൽ വിശദമായ പരിശോധനയാണ് പൊലീസ് നടത്തിയത്. രാവിലെ 9.40-നാണ് പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥന് ഡിസിപി എസ്. ശശിധരന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം വീട്ടിൽ എത്തിച്ചത്.
കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഇതിന് ശേഷം വൈദ്യപരിശോധനയ്ക്കായി ആലുവ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച ബോംബ് സ്ഫോടനം നടത്തുന്നതിന് മുമ്പുള്ള പല ദിവസങ്ങളിലും ഇയാള്‍ അത്താണിയിലെ തറവാട്ടുവീട്ടിൽ വന്നുപോയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. 10 വര്‍ഷമായി ഡൊമിനിക് മാര്‍ട്ടിന്റെ ഈ വീട്ടില്‍ കാക്കനാട്ടെ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരായിട്ടുള്ള ചെറുപ്പക്കാരാണ് താമസിക്കുന്നത്. കെട്ടിടത്തിൽ ഒരു മുറി മാർട്ടിനായി ഒഴിച്ചിട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയിന്റ് പണി നടക്കുന്നതിനാല്‍ ഇയാള്‍ ഇവിടെ വന്നു പോയിട്ടും പരിസരവാസികള്‍ക്ക് സംശയമൊന്നും തോന്നിയില്ല. ബോംബ് നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ പല തവണകളായി എത്തിച്ച് ഇവിടെയായിരുന്നു ഡൊമിനിക് സൂക്ഷിച്ചിരുന്നത്. സംഭവ ദിവസം പുലർച്ചെ 4.45ന് തമ്മനത്തെ വീട്ടില്‍നിന്നും ഇറങ്ങിയ ഇയാള്‍ 5.45 ഓടെ അത്താണിയിലെ വീട്ടിലെത്തി. അരമണിക്കൂറോളം ഇവിടെ ചെലവഴിച്ചാണ് ബോംബ് നിര്‍മിച്ചത്. അതിനുശേഷം ബോംബുകള്‍ രണ്ടു സഞ്ചികളിലാക്കി കളമശേരിയിലെ കണ്വന്ഷന് സെന്ററിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ബോംബ് സ്ഫോടനം നടത്തിയശേഷം തിരിച്ച് ഈ വീട്ടിലെത്തിയ പ്രതി അഞ്ചുമിനിറ്റോളം ഇവിടെ ചെലവഴിച്ചതായും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ഹോട്ടലില്‍നിന്ന് ലൈവ് വീഡിയോ ഇട്ടത്. പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബോംബ് സ്ഫോടനം നടന്ന കളമശേരിയിലെ കണ്വന്ഷന് സെന്ററിലും പിന്നീട് തമ്മനത്തെ വീട്ടിലും പ്രതിയെ എത്തിച്ച് പൊലീസ് ഇനി തെളിവെടുപ്പ് നടത്തും. ഇതിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.