ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ-മെയിലും ചോര്‍ത്തിയെന്ന ആരോപണം തള്ളി കേന്ദ്ര സര്‍ക്കാര്‍. ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണം അസംബന്ധമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു.
ഒരു വിഷയവും ഉന്നയിക്കാനില്ലാത്തപ്പോള് ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തില്‍ ഒരു ആക്ഷേപം ഉയര്‍ത്തുന്നത്. രാജ്യത്തിന്റെ പുരോഗതി കാണാന്‍ ആഗ്രഹിക്കാത്തവരാണ് ഇത്തരത്തില്‍ രാഷ്ട്രീയം കളിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു. 150 രാജ്യങ്ങളില്‍ ഉള്ളവർക്ക് ആപ്പിള്‍ സമാനരീതിയിലുള്ള സന്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആരോപണം ഉന്നയിച്ചവര്‍ അന്വേഷണത്തോട് സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ശിവസേനാ എംപി പ്രിയങ്കാ ചതുര്‍വേദി, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, പവന് ഖേര, കെ.സി.വേണുഗോപാല്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ ഫോണും ഇ-മെയിലുകളും കേന്ദ്രസര്‍ക്കാര്‍ ചോര്‍ത്തുന്നെന്നാണ് പരാതി. പ്രതിപക്ഷ നേതാക്കളുടെ ആപ്പിള്‍ ഫോണുകളിലേയ്ക്കാണ് ഇത് സംബന്ധിച്ച സന്ദേശം എത്തിയത്.
ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണം തള്ളി മന്ത്രി രംഗത്തെത്തിയത്.