കൊച്ചി : മൊബൈൽ ഫോണുകളിൽ അടിയന്തരഘട്ടങ്ങളിൽ നൽകുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ ഉപയോക്താക്കൾക്ക് ലഭിച്ചുതുടങ്ങി. ഫോണുകളിൽ വൈബ്രേഷനും അലർട്ട് സൈറണിനുമൊപ്പമാണ് സന്ദേശമെത്തിയത്. ഇംഗ്ലീഷിലും മലയാളത്തിലുമെത്തിയ സന്ദേശത്തിനൊപ്പം ശബ്ദസന്ദേശവുമുണ്ട്.കേന്ദ്രസർക്കാരിന്റെ ടെലികമ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണിതെന്നെന്നും ഉപയോക്താക്കൾ ഈ സന്ദേശം അവഗണിക്കാനും പറയുന്നു.
ചൊവ്വാഴ്ച രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെയാണ് മൊബൈലുകളിൽ പ്രത്യേകതരം ശബ്ദസന്ദേശങ്ങൾ എത്തുക. ഫോൺ വൈബ്രേഷൻ മോഡിലേക്കു മാറുകയും ചെയ്യും.സംസ്ഥാനത്ത് പുതുതായി ഏർപ്പെടുത്തുന്ന സെൽ ബ്രോഡ്കാസ്റ്റിംഗിന്റെ ഭാഗമായാണ് ഇത്തരം പരീക്ഷണ സന്ദേശങ്ങളെന്ന് കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. അലാറം പോലുള്ള ശബ്ദം ഫോണിൽനിന്ന് പുറപ്പെടും. ഒരുകൂട്ടം ഫോണുകൾ ഒരേസമയം ഇത്തരത്തിൽ പ്രവർത്തിക്കും.
പ്രകൃതി ദുരന്തങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്പോൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുന്നതിനു സഹായിക്കുന്നതാണ് സെൽ ബ്രോഡ് കാസ്റ്റിംഗ്. ദേശീയ ദുരന്ത നിവാരണ അഥോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷൻ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അഥോറിറ്റികൾ എന്നിവർ സംയുക്തമായാണ് പരീക്ഷണം നടത്തുന്നത്. ഭൂകന്പം, സുനാമി, വെള്ളപ്പൊക്കം തുടങ്ങിയവയെ കൂടുതൽ ഫലപ്രദമായി നേരിടുന്നതിന്റെ ഭാഗമായാണ് സംവിധാനം.
ദിവസങ്ങൾക്കുമുന്പ് മറ്റ് ഏതാനും സംസ്ഥാനങ്ങളിൽ പരീക്ഷണം നടത്തിയിരുന്നു. യഥാർഥ ദുരന്ത മുന്നറിയിപ്പല്ലെന്ന് ആളുകളെ അറിയിക്കാനായി ‘സാന്പിൾ ടെസ്റ്റ് മെസേജ്’ എന്ന ലേബലിലാണ് പരീക്ഷണം. ഇതിനുപുറമേ ഉപഭോക്താക്കൾക്ക് ഇതിനകം മൊബൈൽഫോണിൽ മുന്നറിയിപ്പ് സന്ദേശം എത്തിക്കുകയും ചെയ്തിട്ടുണ്ട്.