ന്യൂഡൽഹി : എത്ര തന്നെ ഫോൺ ചോർത്തിയാലും ഭയപ്പെട്ട് പിന്നോട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. പ്രതിപക്ഷ നേതാക്കളുടെ ഫോണുകൾ ചോർത്തുന്നത് അദാനിക്ക് വേണ്ടിയാണ്. അദാനിക്കെതിരെ ആരെങ്കിലും മിണ്ടിയാല്‍ കേസെടുക്കും. വിമാനത്താവളങ്ങളും വ്യവസായങ്ങളും അദാനിക്ക് തീറെഴുതി. രാജ്യത്തിന്റെ സ്വത്തുക്കള്‍ അദാനിക്ക് കീഴ്പ്പെടുത്തുന്ന പ്രവൃത്തികളാണ് നടക്കുന്നതെന്നും രാഹുൽ പറഞ്ഞു.
നരേന്ദ്രമോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. ചോർത്തലിന് പിന്നിൽ കേന്ദ്ര സർക്കാർ സ്പോൺസർ ചെയ്ത ആക്രമണകാരികളാണ്. ചോര്‍ത്തുന്നത് കള്ളന്മാരുടേയും ക്രിമിനലുകളുടേയും പ്രവൃത്തിയാണ്. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമത് പ്രധാനമന്ത്രിയും രണ്ടാമത് അദാനിയും മൂന്നാമത് അമിത് ഷായും ആണ് എന്നായിരുന്നു ധരിച്ചിരുന്നത്. എന്നാൽ ആ ധാരണ തെറ്റി. ഇന്ത്യയിൽ ഒന്നാമൻ അദാനിയാണെന്ന് തിരിച്ചറിയുന്നു. മോദി രണ്ടാമതും അമിത് ഷാ മൂന്നാമതുമാണെന്നും രാഹുൽ പരിഹസിച്ചു.
തന്റെ ഓഫീസിലെ എല്ലാവര്ക്കും ആപ്പിളിന്റെ സന്ദേശമെത്തിയതായി രാഹുൽഗാന്ധി വ്യക്തമാക്കി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അടക്കം നിരവധി പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിന്റെ ഫോൺ ചോർത്തൽ സന്ദേശം ലഭിച്ചിട്ടുണ്ട്. എത്ര ചോർത്തിയാലും ഭയപ്പെട്ട് പിന്മാറാനില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു.