തിരുവനന്തപുരം : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്ത നടപടി അപലപനീയമെന്നും ഇത് പിണറായി സര്‍ക്കാരിന്റെ ഇരട്ടത്തപ്പെന്നും ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്. തീവ്ര ചിന്താഗതിക്കാരെ സഹായിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ എടുത്ത കേസാണ്. പിണറായി വിജയന് ഇരട്ടാത്താപ്പും ഇരട്ടനീതിയും ഇക്കാര്യത്തില്‍ പ്രകടമായിരിക്കുകയാണെന്ന് സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
മലപ്പുറത്ത് ഹമാസ് തീവ്രവാദികളെ വിളിച്ച് റാലി നടത്തിയവര്‍ക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതിനെതിരെ സംസാരിച്ച കേന്ദ്രമന്ത്രിക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഇത് ഇരട്ടത്താപ്പാണ് ഇരട്ടനീതിയാണ്. വര്‍ഗീയ ചിന്താഗതിക്കാരെയും വിധ്വംസകശക്തികളെയും പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും സുരേന്ദ്രന് പറഞ്ഞു
തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയം മുന്നില്‍ കണ്ടുകൊണ്ടുള്ള ഹീനമായ നടപടിയാണ് പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. ഹമാസിന്റെ തലവന്‍ മലപ്പുറത്തെ റാലിയില്‍ പറഞ്ഞത് സയണസ്റ്റികളെയും ഹിന്ദുത്വവാദികളെയും കുഴിച്ചുമൂടുമെന്നാണ്. അങ്ങനെ പറഞ്ഞ സംഘാടകര്‍ക്കെതിരെ കേസ് ഇല്ല. കളമശേരിയില്‍ നടന്നത് ഭീകരാക്രമണമാണെന്ന് പറഞ്ഞ എംവി ഗോവിന്ദനെതിരെ കേസ് എടുക്കുന്നില്ലെന്നും സുരേന്ദ്രന് പറഞ്ഞു.
കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് :- സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷപ്രചാരണം നടത്തിയെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചി പൊലീസ് കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിലാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റിട്ടത്.
എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേന്ദ്രമന്ത്രിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഐപിസി 153 ( വിദ്വേഷം പ്രചരിപ്പിക്കുക), ഐപിസി 153 എ ( രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വര്‍ധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
സ്ഫോടനത്തിന് പിന്നാലെ ഇട്ട ഫെയ്സ്ബുക്ക് കുറിപ്പില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയിരുന്നു. കേരളത്തിലെ ഇടതുമുന്നണിയും കോണ്‍ഗ്രസും നടത്തുന്ന വര്‍ഗീയ പ്രീണനം കൊണ്ടാണ് ജനങ്ങള്‍ക്ക് ഇത്തരത്തില്‍ ദുരിതം അനുഭവിക്കേണ്ടി വരുന്നതെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടിരുന്നു.