കൊല്‍ക്കത്ത: ലോകകപ്പിൽ സെമിസാധ്യത നിലനിർത്താൻ വിജയം അനിവാര്യമായ മത്സരത്തിൽ പാകിസ്താന് ഇന്ന് ബംഗ്ലാദേശിനെ നേരിടും. പുറത്താകലിന്റെ വക്കിലുള്ള ബംഗ്ലാദേശ് ആശ്വാസ വിജയം തേടിയാണ് കളത്തിലിറങ്ങുന്നത്. ഉച്ചയ്ക്കു രണ്ടിന് കൊൽക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.റണ്ണൊഴുകുന്ന ഈഡന് ഗാര്‍ഡന്‍സിൽ നടക്കുന്ന മത്സരം അത്ര മോശമാകില്ലെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
അവസാന നാല് മത്സരങ്ങളിലും പരാജയപ്പെട്ട് ലോകകപ്പിലെ തങ്ങളുടെ മോശം റെക്കോർഡിലാണ് പാകിസ്താൻ. എന്നാലും, ഇനിയുള്ള മൂന്ന് മത്സരങ്ങളിലും വിജയിച്ചാൽ അവസാന നാലിലെത്താനുള്ള വിദൂരസാധ്യത പാകിസ്താന് ഇപ്പോഴുമുണ്ട്. ഇന്ത്യയോട് 191ന് പുറത്തായതൊഴിച്ചാൽ, ബാക്കിയുള്ള മത്സരങ്ങളിൽ പാക് ബാറ്റിങ് നിരക്ക് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്.
എന്നാൽ, സാഹചര്യത്തിനൊത്തുയരാൻ ബാറ്റിങ് നിരക്ക് പലപ്പോഴും കഴിയുന്നില്ല. താരങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോകുന്നതിൽ നായകൻ ബാബർ അസമിന് കഴിയുന്നില്ലെന്ന വിമർശനവുമുണ്ട്. ഇതോടൊപ്പം പ്രതീക്ഷക്കൊത്തുയരാത്ത ബൗളർമാരുടെ പ്രകടനവും ഫീൽഡിങ്ങിലെ പോരായ്മയുമാണ് ടീമിനെ വിജയത്തിൽനിന്ന് അകറ്റിനിർത്തുന്നത്.
ആറിൽ അഞ്ച് മത്സരങ്ങളും തോറ്റ ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഈ ലോകകപ്പിലെ സാധ്യത പൂർണമായി അവസാനിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ അഫ്ഗാനെ പരാജയപ്പെട്ടുത്തിയ ബംഗ്ലാ കടുവകൾ പിന്നീട് വിജയമെന്തെന്ന് അറിഞ്ഞിട്ടില്ല. നായകൻ ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെ ഒരാൾക്കും ടൂർണമെന്റിൽ ഒരു സ്വാധീനവുമണ്ടാക്കാനായിട്ടില്ല. ലോകകപ്പിലെ അട്ടിമറിക്കാർ എന്നറിയപ്പെടുന്ന ബംഗ്ലാദേശ് പാകിസ്താനെ തോൽപ്പിച്ച് മുഖം രക്ഷിക്കാനാണ് ഒരുങ്ങുന്നത്.