തിരുവനന്തപുരം: കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എതിരേ വിമര്‍ശനം . കളമശേരി സ്ഫോടനം ഉണ്ടായ ഉടന്‍ സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിലാണ് ഗോവിന്ദനുനേരെ വിമര്‍ശനമുണ്ടായത്. പൊതുസമൂഹത്തിൽ കേരളത്തെ ആകെ അപമാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനാണ് രാജീവ് ചന്ദ്രശേഖറിനെ വിമർശിച്ചത്.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം പ്രമേയം ഒറ്റക്കെട്ടായി പാസാക്കി. സമാധാനത്തിന്റേയും സാഹോദര്യത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും സവിശേഷ സാമൂഹ്യ സാഹചര്യമാണ് കേരളത്തിന്റേത്. നാടിനെ ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണിത്. ഈ അന്തരീക്ഷത്തെ ജീവന് കൊടുത്തും നിലനിര്‍ത്താന്‍ പ്രതിബദ്ധമായ പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളതെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ച് ഒറ്റമനസായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തുവില കൊടുത്തും ഉറപ്പാക്കും. പരസ്പര വിശ്വാസത്തിന്റേയും പരസ്പര ആശ്രിതത്വത്തിന്റേയും കൂട്ടായ അതിജീവനത്തിന്റേയും കാലത്തെ അവിശ്വാസത്തിന്റേയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുത്തുതോല്‍പ്പിക്കും എന്ന് യോഗം ഏകകണ്ഠമായി വ്യക്തമാക്കി.
സമാധാനവും സമുദായസൗഹാര്‍ദവും ഭേദചിന്തകള്‍ക്കതീതമായ മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തില്‍ കേരളം ഒറ്റ മനസാണെന്നും ഈ യോഗം വിലയിരുത്തി. ഈ ഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം പ്രതിപക്ഷം നില്‍ക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് വ്യക്തമാക്കി. കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ട് വച്ച ആശയങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചെന്നും സതീശന് പറഞ്ഞു.വിഷയത്തില്‍ എല്ലാവരും കേരളത്തിനൊപ്പം നിന്നപ്പോള്‍ ദൗര്‍ഭാഗ്യകരമായ പരാമര്‍ശങ്ങള്‍ ചില ഭാഗത്തുനിന്ന് ഉണ്ടായെന്നും സതീശന് വിമര്‍ശിച്ചു. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടിയുടെ നേതാവ് സംഭവത്തെ പലസ്തീനുമായി ബന്ധിപ്പിച്ചു. കേന്ദ്രമന്ത്രിയുടെ പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.