തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷി യോഗം വിളിച്ചു. തിങ്കളാഴ്ച രാവിലെ പത്തിന് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് യോഗം ചേരുക. എല്ലാ പാർട്ടി പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കളമശ്ശേരിയിലെ സ്ഫോടനത്തിൽ അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഡിജിപി ഉടന്‍ സംഭവവസ്ഥലത്തെത്തും. ഗൗരവമായി കാര്യങ്ങള്‍ നീക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം മാധ്യമങ്ങളെ കാണും.
ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള കണ്വെന്ഷന് സെന്ററിൽ സ്ഫോടനമുണ്ടായത്. മൂന്നിലേറെ സ്ഫോടനങ്ങളിൽ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടെയാണ് സംഭവം. സ്ഫോടനത്തെ തുടർന്നു ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ചയാണ് യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. ഇന്ന് സമാപന സമ്മേളനമായിരുന്നു. രണ്ടായിരത്തിലധികം പേരെ ഉൾക്കൊള്ളാവുന്ന ഹാളിലാണ് സമ്മേളനം പുരോഗമിച്ചിരുന്നത്.