കാസർകോട് : സ്കൂൾ അസംബ്ലിയിൽ വച്ച് ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ചതായി പരാതി. കാസർകോട് ചിറ്റാരിക്കാലിലെ കോട്ടമല മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ സ്കൂളിലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ സ്കൂളിലെ പ്രധാന അധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു.
ഒക്ടോബർ 19നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂളിലെ മറ്റ് വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെ അസംബ്ലിയിൽ വച്ച് കുട്ടിയുടെ മുടി നിർബന്ധപൂർവം മുറിക്കുകയായിരുന്നു. തുടർന്നാണ് കുടുംബം ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പ്രധാന അധ്യാപിക ഷേർളിക്കെതിരെ പട്ടികജാതി / പട്ടിക വർഗ അതിക്രമം തടയൽ, ബാലാവകാശ നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.