മുംബൈ: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതിനായി ഇന്ത്യയിലുള്ള തങ്ങളുടെ ഏറ്റവും മികച്ച ഷൂട്ടര്‍മാരെ ഉപയോഗിക്കുമെന്നും ഇ-മെയിലിലൂടെ വന്ന ഭീഷണിക്കത്തില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ശദാബ് ഖാന് എന്ന മെയില്‍ ഐഡിയില്‍നിന്ന് ഭീഷണി സന്ദേശം ലഭിച്ചത്.
സംഭവത്തില്‍ മുംബൈ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി 387, 506(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്തേയും പലതവണ മുകേഷ് അംബാനിക്ക് വധഭീഷണി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അംബാനിക്കും കുടുംബത്തിനും നേരേ വധഭീഷണി മുഴക്കിയ ബിഹാര്‍ സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അംബാനിയുടെ വസതിയും എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന് ആശുപത്രിയും ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. 2021ല്‍ അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്തുനിന്ന് കാറില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയതും ഏറെ ചര്‍ച്ചയായിരുന്നു.