കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്ന് മീഡിയവണ്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ഷിദ ജഗത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും ഷിദ കൂട്ടിച്ചേര്‍ത്തു. സുരേഷ് ഗോപി മാപ്പ് പറഞ്ഞ സാഹചര്യത്തിലാണ് ഷിദയുടെ പ്രതികരണം. മാധ്യമങ്ങളുടെ മുന്നിൽ വെച്ചു വാത്സല്യത്തോടെ തന്നെയാണ് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ ആ കുട്ടിക്ക് മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ താൻ ക്ഷമ ചോദിക്കുന്നുവെന്നാണ് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
ഷിദ ജഗതിന്റെ വാക്കുകള്‍
കഴിഞ്ഞ ദിവസം ശശി തരൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തെക്കുറിച്ചാണ് സുരേഷ് ഗോപിയോട് പ്രതികരണം തേടിയത്. മീഡിയവണ്‍ ഉള്‍പ്പെടെയുള്ള ഒരുപാട് മാധ്യമപ്രവര്‍ത്തകര്‍ അവിടെയുണ്ടായിരുന്നു. അതിന് അദ്ദേഹം മറുപടി പറയുകയും ചെയ്തു. പിന്നീടാണ് തൃശൂര്‍ മത്സരിക്കുന്നതിനെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചു ചോദിച്ചത്. അതിനിടെയാണ് മോളെ എന്നു വിളിച്ചുകൊണ്ട് എന്റെ തോളില്‍ തഴുകുകയും ചെയ്തത്. ആ സമയത്ത് ഞാന്‍ ഭയങ്കരമായ രീതിയില്‍ പെട്ടെന്ന് ഷോക്കായി. എന്താണ് ചെയ്യേണ്ടതെന്നും എന്താണ് നടക്കുന്നതെന്നും അറിയാത്ത അവസ്ഥയിലായിരുന്നു ഞാന്‍. ആ സമയത്ത് തന്നെ ഞാന്‍ പിന്നോട്ടുവലിയുകയും ചെയ്തു. കയ്യെടുത്തു മാറ്റാന്‍ വേണ്ടിയാണ് ഞാന്‍ പിന്നോട്ടു വലിഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകയായതുകൊണ്ട് തുടര്‍ന്നും ചോദ്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. ആ സമയത്തും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. എനിക്ക് ഒട്ടും സഹിക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു.മാനസികമായി ഒരുപാട് വിഷമമുണ്ടാക്കി. പിന്നീട് ഞാന്‍ കയ്യെടുത്തു മാറ്റി. ഇത് ശരിയായ പ്രവണതയല്ല.
പതിനഞ്ച് വര്‍ഷത്തിലധികമായി ഞാന്‍ മാധ്യമരംഗത്തുണ്ട്. ശരിക്കും ഈ വിഷയം അഡ്രസ് ചെയ്യപ്പെടേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. തെറ്റാണ് എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത്.അതൊരു മാപ്പ് പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് സുരേഷ് ഗോപിയുടെ ഭാഗത്തുനിന്നുണ്ടായത്. ഇനിയൊരു മാധ്യമപ്രവര്‍ത്തകക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവമാണ്.
ഇന്നലെ കോഴിക്കോടു വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയവൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല്‍ കറസ്പോണ്ടന്റിനോട് മോശമായി പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളില്‍ വെച്ച കൈ അവർ അപ്പോള്‍ തന്നെ തട്ടിമാറ്റിയിരുന്നു. താന്‍ നേരിട്ട മോശം നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മാധ്യമ പ്രവർത്തക അറിയിച്ചു. നിയമ നടപടി ഉള്‍പ്പെടെ എല്ലാ തുടർ നീക്കങ്ങള്‍ക്കും മീഡിയവണിന്റെ എല്ലാ പിന്തുണയും നല്‍കുമെന്ന് മാനേജിങ് എഡിറ്റർ സി.ദാവൂദ് അറിയിച്ചു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്നും സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവർത്തക യൂണിയന് ആവശ്യപ്പെട്ടു.