ന്യൂഡല്‍ഹി: വ്യവസായി ദര്ശന് ഹിരാനന്ദാനിയുമായുള്ള ബന്ധം സമ്മതിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. പാര്‍ലമെന്റ് ഇ-മെയില്‍ വിവരങ്ങള്‍ ഹിരാനന്ദാനിക്ക് കൈമാറിയിട്ടുണ്ട്.
ലോഗിന്‍, പാസ്വേഡ് വിവരങ്ങള്‍ കൈമാറിയത് ചോദ്യങ്ങള്‍ തയാറാക്കാനാണെന്നും എന്നാല്‍ തന്റെ ലക്ഷ്യം പണമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
ഔദ്യോഗിക ഇ-മെയില്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിയമാവലികളൊന്നും നിലവിലില്ല.ഒരു എംപിയും ചോദ്യങ്ങള്‍ സ്വയം തയാറാക്കുന്നതല്ലെന്നും മഹുവ മൊയ്ത്ര വ്യക്തമാക്കി.
ഹിരാനന്ദാനിയില്‍നിന്ന് സൗന്ദര്യവര്‍ധകവസ്തുക്കള്‍ കൈപ്പറ്റിയിട്ടുണ്ടെന്നും ഇവര്‍ സമ്മതിച്ചു. തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപണികള്‍ക്ക് ഹിരാനന്ദാനിയുടെ സഹായം തേടിയിരുന്നുവെന്നും മഹുവ വ്യക്തമാക്കി.
അദാനി ഗ്രൂപ്പിനും നരേന്ദ്രമോദിക്കുമെതിരേ ചോദ്യം ചോദിക്കാന്‍ ഹിരനന്ദാനിയില്‍നിന്നു മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങിയെന്നായിരുന്നു ബിജെപി ആരോപണം ഉന്നയിച്ചത്.
പാര്‍ലമെന്റിലെ മഹുവയുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തിന്റെ പാസ്വേഡ് തനിക്കു നല്‍കിയെന്നും ചോദ്യങ്ങള്‍ക്കു പകരമായി ആഡംബര വസ്തുക്കള്‍ സമ്മാനമായി നല്‍കിയെന്നുമായിരുന്നു ഹീരാനന്ദാനി പിന്നീട് വെളിപ്പെടുത്തിയിരുന്നു.
നേരത്തേ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം ഇവര്‍ നിഷേധിച്ചിരുന്നു. പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഈ മാസം 31ന് ഹാജരാകണമെന്നാണ് മഹുവയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.