ചെന്നൈ : ബോംബേറ് കേസില്‍ രാജ്ഭവന്റെ വാദം തള്ളി തമിഴ്നാട് പൊലീസ്. രണ്ട് തവണ ബോംബ് എറിഞ്ഞിട്ടില്ലെന്നും പൊലീസ് കൃത്യമായ ഇടപെടല്‍ നടത്തിയെന്നും ഡിജിപി ശങ്കര്‍ ജിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവന് നേരെ ബോംബ് എറിഞ്ഞ അക്രമിയുടെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. സംഭവത്തില്‍ പൊലീസിനെതിരെ രാജ്ഭവന് രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഡിജിപി വാര്‍ത്താസമ്മേളനം നടത്തിയത്.
കറുക്കവിനോദ് എന്നയാള്‍ മാത്രമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഡിജിപി പറഞ്ഞു. മറ്റാര്‍ക്കും സംഭവത്തില്‍ പങ്കില്ല. പ്രതി രാജ്ഭവന് അരികിലൂടെയുള്ള റോഡിലൂടെ ഒറ്റയ്ക്ക് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ഡിജിപി വാര്‍ത്താസമ്മേളനത്തില്‍ പുറത്തുവിട്ടു.
രാജ്ഭവന്റെ പ്രധാന ഗേറ്റിന് എതിര്‍വശത്തുള്ള സര്‍ദാര്‍ പട്ടേല്‍ റോഡ് ജങ്ഷന് പോയിന്റില്‍ എത്തിയ ഇയാള്‍ പെട്രോള്‍ ബോബ് ഗേറ്റിനു നേരെ എറിയുകയായിരുന്നു. ഇത് സിവില്‍ വസ്ത്രം ധരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമണത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചില്ലെന്നായിരുന്നു രാജ്ഭവന്റെ കുറ്റപ്പെടുത്തല്‍.