ബംഗളൂരു: ഇന്ത്യൻ ലോകകപ്പിലെ ലോകചാമ്പ്യന്മാരുടെ ദുരന്തങ്ങളുടെ തുടർക്കഥയെന്ന വണ്ണം ഇംഗ്ലണ്ടിനു നാലാം തോൽവി . എട്ട് വിക്കറ്റിനായിരുന്നു ലങ്കൻ ജയം. സ്കോർ:- ഇംഗ്ലണ്ട് 156-10 (33.2), ശ്രീലങ്ക 160-2 (25.4). ജയത്തോടെ ശ്രീലങ്ക പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി അഞ്ചാം സ്ഥാനത്തെത്തി. നാല് തോൽവികളും ഒരു വിജയവും മാത്രമുള്ള ഇംഗ്ലണ്ട് ഒൻപതാം സ്ഥാനത്താണ്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനു ശ്രീലങ്കൻ ബൗളിംഗിനു മുന്നിൽ കണക്കുകൾ പിഴച്ചു. ജോണി ബെയർസ്റ്റോ (30), ഡേവിഡ് മലൻ (28), ബെൻ സ്റ്റോക്സ് (43) എന്നിവർക്കു മാത്രമാണ് ലങ്കൻ ബൗളിംഗിനു മുന്നിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ കഴിഞ്ഞത്. ഇവരെ കൂടാതെ മൊയിൻ അലിയും (15) ഡേവിഡ് വില്ലിയും (14) മാത്രമാണ് രണ്ടക്കം കടന്നത്.ഏഴ് ഓവറിൽ 35 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ ലഹിരു കുമാരയാണ് ഇംഗ്ലണ്ടിനെ തകർത്തത്. മാത്യൂസും രജിതയും രണ്ട് വിക്കറ്റ് വീതവും പിഴതു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്കായി പതും നിസങ്കയും സദീര സമരവിക്രമയും മികച്ച പ്രകടനം കാഴ്ചവച്ചു. 83 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 77 റണ്‍സുമായി നിസങ്ക പുറത്താകാതെ നിന്നു. സമരവിക്രമ പുറത്താകാതെ 65 റണ്‍സെടുത്തു. കുശാൽ പെരെ (4), കുശാൽ മെൻഡിസ് (11) എന്നിവരുടെ വിക്കറ്റുകളാണ് ലങ്കയ്ക്കു നഷ്ടമായത്. ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലിക്കാണ് രണ്ട് വിക്കറ്റും.