ന്യൂഡല്‍ഹി : ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിനെതിരെ ഓസ്ട്രേലിയയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മാക്സ് വെലിന്റെയും മികവിലാണ് കൂറ്റന്‍ സ്കോര്‍ കണ്ടെത്തിയത്. ഇരുവരും സെഞ്ച്വറി നേടി. 8 വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ 399 റൺസാണ് നേടിയത്.
ഡേവിഡ് വാര്‍ണര്‍ ലോകകപ്പില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് നേടിയത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്സുകളുടെയും അകമ്പടിയോടെ 93 പന്തില്‍ 104 റണ്‍സാണ് വാര്‍ണര്‍ നേടിയത്. തുടക്കത്തില്‍ തന്നെ മിച്ചല്‍ മാര്‍ച്ചലിനെ നഷ്ടപ്പെട്ടെങ്കിലും സ്റ്റീവ് സ്മിത്തിന്റെ പിന്തുണയോടെ ഓസ്ട്രേലിയ സ്കോര്‍ പടുത്തുയര്‍ത്തുന്നതാണ് കണ്ടത്. കഴിഞ്ഞ കളികൡ മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് 68 പന്തിലാണ് 71 റണ്‍സ് നേടിയത്. സ്മിത്ത് ഫോമിലേക്ക് തിരിച്ചുവന്നത് ഓസ്ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അവസാന ഓവറുകളില്‍ ഗ്ലെന്‍ മാക്സ് വെല്‍ തകര്‍ത്തടിച്ചതാണ് കൂറ്റന്‍ സ്കോറിലേക്ക് ടീമിനെ നയിച്ചത്. 40 പന്തിലാണ് മാക്സ് വെല്‍ സെഞ്ച്വറി തികച്ചത്. എട്ട് സിക്സിന്റെയും ഒൻപത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു മാക്സ് വെലിന്റെ ഇന്നിംഗ്സ്. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയുടെ കാര്യത്തിൽ ഇത് റെക്കോർഡാണ്.