ബംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നൽകാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിർദേശിച്ചത്. 2022 ഒക്ടോബറിൽ പരാതി നൽകിയ കേസിനാണ് ഇപ്പോൾ വിധിയുണ്ടായത്.
കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ക്യാരിബാഗിനായി യുവതിയിൽ നിന്ന് 20രൂപ ബംഗളൂരുവിലെ ഐകിയയുടെ ഷോറൂം കെെപറ്റിയിരുന്നു. സ്വീഡിഷ് ഫർണിച്ചർ സ്ഥാപനമാണ് ഐകിയ. കമ്പനിയിൽ കഴിഞ്ഞ വർഷമാണ് യുവതി എത്തിയത്. വാങ്ങിയ സാധനങ്ങൾ കൊണ്ടുപോകാൻ യുവതി ക്യാരിബാഗ് ആവശ്യപ്പെട്ടു. ജീവനക്കാർ ക്യാരിബാഗ് നൽകുകയും 20രൂപ ചാർജ് ഈടാക്കുകയും ചെയ്തു. പിന്നാലെ ലോഗോ പതിച്ച ബാഗിന് പണം ഈടാക്കിയത് യുവതി ചോദ്യം ചെയ്തു.
സാധനങ്ങൾ വാങ്ങുന്ന സമയത്ത് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയില്ലെന്ന് കാര്യം വ്യക്തമാക്കുകയും ചെയ്തു. എന്നാൽ കമ്പനിയുടെ ഭാഗത്ത് നിന്ന് അനുകൂല സമീപനമുണ്ടായില്ല. തുടർന്നാണ് യുവതി ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. സംഭവം പരിശോധിച്ച കമ്മിഷൻ യുവതിയുടെ ഭാഗത്ത് ന്യായമുണ്ടെന്ന് കണ്ടെത്തി. മാളുകളുടെയും വൻകിട സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സമീപനങ്ങളിൽ കോടതി അനിഷ്ടവും പ്രകടിപ്പിച്ചു.