പാലക്കാട് : ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജിന്റെ കാലിന് പരിക്ക്. ലിയോ ചിത്രത്തിന്റെ വിജയാഘോഷത്തിനായി പാലക്കാട് അരോമ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്കേറ്റ സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിലെ തിയേറ്ററിലും വൻ വിജയമായി മാറിയ ലിയോയുടെ പ്രൊമോഷന്റെ ഭാഗമായി കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിനെ കാണാൻ അഭൂതപൂർവമായ തിരക്കായിരുന്നു ഇന്ന് പാലക്കാട് അരോമ തിയേറ്ററിൽ. തിയേറ്റർ പ്രൊമോഷന് വേണ്ടി പൂർണ്ണ രീതിയിലുള്ള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടെ ഗോകുലം മൂവീസ് ഒരുക്കിയിട്ടും ലോകേഷിനെ കാണാനെത്തിയ പ്രേക്ഷകരുടെ നിലക്കാത്ത പ്രവാഹമായിരുന്നു പാലക്കാട് അരോമ തിയേറ്ററിൽ കണ്ടത്.
പ്രേക്ഷകരുടെ സ്നേഹപ്രകടങ്ങൾക്കിടയിൽ തിരക്കിനിടയിൽ ലോകേഷിന്റെ കാലിനു പരിക്കേൽക്കുകയും ചെയ്തു. നിയന്ത്രണങ്ങൾ ഒക്കെ മറികടന്ന് അതിരുവിട്ട ജനത്തെ നിയന്ത്രിക്കാൻ പൊലീസ് ലാത്തി വീശുകയും ചെയ്തു. കാലിന് പരിക്കേറ്റ സംവിധായകൻ ലോകേഷ് കനകരാജ് മറ്റു പരിപാടികൾ റദ്ധാക്കി തിരികെ മടങ്ങി. ഇന്ന് നടത്താനിരുന്ന തൃശൂർ രാഗം തിയേറ്ററിലെയും കൊച്ചി കവിത തിയേറ്ററിലെയും തിയേറ്റർ വിസിറ്റുകൾ ഒഴിവാക്കി. കൊച്ചിയിൽ ഇന്ന് നടത്താനിരുന്ന പ്രെസ്സ് മീറ്റ് മറ്റൊരു ദിവസത്തിൽ നടത്താനായി എത്തിച്ചേരുമെന്ന് ലോകേഷ് അറിയിച്ചു.