ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍. നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമില്ല. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. തിങ്കളാഴ്ച രാത്രിയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെയാണ് ഉരുള്‍പൊട്ടിയത്.
ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഏക്കറുകണക്കിന് കൃഷിസ്ഥലം മാത്രമുള്ള സ്ഥലമാണ്. രാവിലെ മാത്രമാണ് ഉരുള്‍പൊട്ടലുണ്ടായ വിവരം നാട്ടുകാര്‍ അറിഞ്ഞത്. കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള സ്ഥലത്തേക്ക് ഒഴുകിയെത്തിയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായത് കണ്ടെത്തിയത്. പ്രദേശത്ത് ഇന്നലെ ശക്തമായ മഴയുണ്ടായിരുന്നു. ഇന്നും കനത്ത മഴയുണ്ടായാല്‍ മണ്ണിടിച്ചില്‍ സാധ്യതയേറെയാണെന്നും നാട്ടുകാര്‍ പറയുന്നു. . ഇതിന് സമീപത്ത് താമസിക്കുന്ന രണ്ട് പേരെ ഇവിടെനിന്ന് മാറ്റിപാര്‍പ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.