ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ശരാശരി വായുനിലവാര സൂചിക ചൊവ്വാഴ്ച 303 ആണ്. തുടർച്ചയായ മൂന്നാം ദിവസവമാണ് വായുനിലവാര സൂചിക 300 കടക്കുന്നത്. ഞായറാഴ്ച 302 ഉം തിങ്കളാഴ്ച 309 ഉം ആയിരുന്നു കണക്ക്.
വരുംദിവസങ്ങളിൽ 30 ശതമാനം വരെ ഉയരാനാണ് സാധ്യത. 400 നു മുകളിലേക്ക് പോയാൽ അത് അതിഗുരുതരാവസ്ഥയിലേക്ക് എത്തിക്കും. കാൻസറും ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി പരിസരത്തും ഇന്ദിരാഗാന്ധി അന്തർദേശീയ വിമാനത്താവള പരിസരത്തുമാണ് നിലവിൽ വായുനിലവാരം ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.
വായു മലിനീകരണം കുറയ്ക്കാൻ വരുംദിവസങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കാനാണു സർക്കാർ നീക്കം. പ്രതിസന്ധി കടുത്തതോടെ സർക്കാർ കർമപദ്ധതിയായ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ്-2 നടപ്പാക്കിത്തുടങ്ങി. പ്രധാനമായും സ്വകാര്യവാഹനങ്ങൾ നിരത്തിലേക്കിറക്കുന്നത് കുറയ്ക്കുക, പൊതുഗതാഗത സംവിധാനത്തെ കൂടുതൽ ആശ്രയിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, മെട്രോ സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് സർക്കാരിന്റെ ലക്ഷ്യം.
വായു മലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ കൃഷിസ്ഥലങ്ങളിൽ വൈക്കോൽ കൂട്ടമായി കത്തിക്കുന്നതും സ്ഥിതിഗതികൾ രൂക്ഷമാക്കാറുണ്ട്. ഇതു തടയുന്നത് പരിശോധിക്കാൻ റിട്ട. ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ സമിതിയെ സുപ്രീംകോടതി നിയോഗിച്ചിരുന്നു.