ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഖാന് മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍ എംബസിയിലേക്ക് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. ഇരുന്നൂറോളം പ്രവര്‍ത്തകരാണ് എംബസി ലക്ഷ്യമാക്കി പ്രകടനമായി എത്തിയത്.
എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി.സാനു ഉള്‍പ്പെടെയുള്ളവരെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ പൊലീസ് ഇവിടെനിന്ന് ബലം പ്രയോഗിച്ച് നീക്കുകയാണ്. അതേസമയം, മാര്‍ച്ചിന് അനുമതിയില്ലെന്നും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകണമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. പിരിഞ്ഞു പോകാന്‍ തയാറാകാതിരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധം നേരിടുന്നതിനായി ഡല്‍ഹി പൊലീസിനെയും കേന്ദ്ര സേനയെയും വിന്യസിച്ചിരുന്നു. സമരം മുന്‍നിര്‍ത്തി എംബസിയുടെ മുന്നില്‍ വലിയ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ തീര്‍ത്താണ് പൊലീസ് പ്രതിരോധം ഒരുക്കിയത്. വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധത്തിന്റെ ഭാഗമായി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എംബസിയുടെ സുരക്ഷ കൂട്ടിയിട്ടുണ്ട്.